തിരുവനന്തപുരം: കോളേജുകളിൽ ആധുനിക വികസനത്തോടൊപ്പം അക്കാദമിക് ഉള്ളടക്കത്തിൽ മാറ്റം വരുത്തേണ്ടതുണ്ടെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. നെന്മാറ എൻഎസ്എസ് കോളേജിൽ റൂസ പദ്ധതി പ്രകാരം രണ്ടുകോടി രൂപ ചിലവഴിച്ച് നിർമ്മിച്ച കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി ബിന്ദു. വിദ്യാഭ്യാസത്തോടൊപ്പം സാമ്പത്തിക മൂല്യം വർദ്ധിപ്പിക്കാനുള്ള പദ്ധതിയും ആവിഷ്‌കരിക്കേണ്ടതുണ്ടെന്ന് മന്ത്രി പറഞ്ഞു.
വിദ്യാഭ്യാസത്തിനു ശേഷം തൊഴിൽ നേടാൻ ഉപകരിക്കുന്ന പദ്ധതികളാണ് ആവശ്യം. റൂസ പദ്ധതി പ്രകാരം 568 കോടി രൂപയാണ് ചെലവഴിക്കുന്നത്. 162 കോളേജുകളിലാണ് പദ്ധതി നടപ്പിലാക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. കെ ഡി പ്രസേനൻ എംഎൽഎ അധ്യക്ഷനായി. കെ ബാബു എംഎൽഎ മുഖ്യാതിഥിയായി പങ്കെടുത്തു. റൂസ സംസ്ഥാന കോഡിനേറ്റർ കെ സുധീർ ഐഎഎസ്, മേലാർകോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ വത്സല, വാർഡ് മെമ്പർ കെ ഓമന, നിർമിതി കേന്ദ്ര റീജിയണൽ എൻജിനീയർ എം ഗിരീഷ്, പിടിഎ വൈസ് പ്രസിഡന്റ് കാസിം, കോളേജ് ചെയർമാൻ ഗൗതം ഉണ്ണി എന്നിവർ പ്രസംഗിച്ചു.

