തിരുവനന്തപുരം: എറണാകുളത്ത് അതിഥി തൊഴിലാളിയെ പട്ടിക്കൂട്ടിൽ താമസിപ്പിച്ച സംഭവത്തിൽ അന്വേഷണം നടത്താൻ ഉത്തരവ്. സഭവത്തിൽ അന്വേഷണം നടത്തി ഉടൻ റിപ്പോർട്ട് നൽകാൻ ലേബർ കമ്മീഷണർക്ക് നിർദ്ദേശം നൽകി. മന്ത്രി വി ശിവൻകുട്ടിയാണ് ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്.
ബംഗാൾ സ്വദേശിയായ ശ്യാം സുന്ദറാണ് പ്രതിമാസവാടക നൽകി പട്ടിക്കൂട്ടിൽ താമസിച്ചിരുന്നത്. പിറവത്ത് കുരിയിൽ ജോയിയുടെ വീട്ടിലെ പട്ടിക്കൂടാണ് തൊഴിലാളിക്ക് വാടകയ്ക്ക് നൽകിയത്.
ജോയി സമീപത്ത് തന്നെ പുതിയ വീട് പണിത് താമസം മാറിയപ്പോൾ പഴയ വീട് ഇതര സംസ്ഥാന ത്തൊഴിലാളികൾക്ക് വാടകയ്ക്ക് നൽകിയിരുന്നു. ഇവിടെ ഒരാൾക്ക് 2000 രൂപയാണ് വാടക വാങ്ങിയിരുന്നത്. കൈയിൽ പണമില്ലാതെ വന്നപ്പോൾ ഉടമയിൽനിന്ന് 500 രൂപയ്ക്ക് പഴയ പട്ടിക്കൂട് വാടകയ്ക്ക് എടുക്കുകയായിരുന്നുവെന്ന് ശ്യാം സുന്ദർ വ്യക്തമാക്കുന്നത്.

