നിപ ബാധിച്ച് ചികിൽസയിൽ കഴിഞ്ഞ പതിനാലുകാരൻ മരണപ്പെട്ടു, സംസ്കാരം പ്രോട്ടോകോൾ അനുസരിച്ച്

കോഴിക്കോട്: നിപ സ്ഥിരീകരിച്ച് ഗുരുതരമായി ആശുപത്രിയിൽ ചികിത്സയിരുന്ന പതിനാലുകാരൻ മരിച്ചു. രാവിലെയായിരുന്നു അന്ത്യം. പ്രോട്ടോകോൾ അനുസരിച്ചായിരിക്കും സംസ്ക്കാര ചടങ്ങുകൾ നടക്കുക.ഈ മാസം 10നാണ് മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ കുട്ടി പനി ലക്ഷണങ്ങളോടെ സ്വകാര്യ ആശുപത്രിയിൽ ചികിൽസക്കായി എത്തിയത്.തുടർ പരിശോധനയിലാണ് കുട്ടിക്ക് നിപ രോഗം സ്ഥിരീകരിച്ചത്.മെഡിക്കൽ കോളേജിലെക്ക് മാറ്റിയ കുട്ടി അബോധാവസ്ഥയിൽ ആയിരുന്നു. വെൻ്റിലേറ്ററിൻ്റെ സഹായതോടെയാണ് ഐ സി യു വിൽ തുടർന്നത്. രാവിലെ 10.30തോടെ കുട്ടി മരണത്തിന് കീഴടങ്ങുകയായിരുന്നു.ഇതോടെ നിപ ബാധയെ തുടർന്ന് സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 21 ആയി.

കുട്ടിയുമായി സമ്പർക്കം പുലർത്തിയ ഒരാൾക്ക് രോഗ ലക്ഷണങ്ങൾ കണ്ടെത്തിയിട്ടുണ്ട്. നിലവിൽ 246 പേരാണ് സമ്പർക്കപ്പട്ടികയിൽ ഉള്ളത്. ഇതിൽ 63 പേർ ഹൈ റിസ്ക് കാറ്റഗറിയിലുള്ളവരാണ്. എല്ലാവരുടെയും സാമ്പിളുകൾ പരിശോധനയ്ക്കായി അയയ്ക്കും.

കേരളത്തിലെ സംവിധാനങ്ങൾക്കു പുറമേ പുനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ മൊബൈൽ ലാബ് കൂടി സംസ്ഥാനത്ത് എത്തുമെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി.

പാണ്ടിക്കാട്, ആനക്കയം പഞ്ചായത്തിൽ ഫീവർ സർവൈലൻസ് നടത്തും.

ഐസൊലേഷനിലുള്ള കുടുംബങ്ങൾക്ക് മരുന്നും ഭക്ഷണവും ലഭ്യമാക്കും. ഈ പഞ്ചായത്തുകളിൽ ആൾ‌ക്കൂട്ടം പാടില്ലെന്ന് നിർദേശിച്ചിട്ടുണ്ട്.