തിരുവനന്തപുരം: ഈ വർഷത്തെ ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് ദേവസ്വം മന്ത്രി വി.എൻ. വാസവൻ. ദേവസ്വം മന്ത്രിയായി ചുമതലയേറ്റ ശേഷം ആദ്യമായി ശബരിമല സന്ദർശനത്തിനായി പമ്പയിൽ എത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കർക്കടക മാസപൂജയ്ക്കായി നട തുറന്നപ്പോൾ നിരവധി തീർഥാടകരാണ് കോരിച്ചൊരിയുന്ന മഴയിലും ദർശനത്തിനായി എത്തിക്കൊണ്ടിരിക്കുന്നത്. ഇവർക്ക് സുഗമമായി എത്തി ദർശനം നടത്തി തിരികെ പോകാനുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തി.
മകരവിളക്കുമായി ബന്ധപ്പെട്ട് ഭാവി പ്രവർത്തനങ്ങൾ ചർച്ച ചെയ്യുന്നതിനായി ദേവസ്വം ബോർഡ് പ്രസിഡന്റ്, അംഗങ്ങൾ, ജനപ്രതിനിധികൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരുടെ യോഗം ഇന്ന് (16) രാവിലെ 11 ന് പമ്പ ശ്രീരാമസാകേതം ഹാളിൽ ചേരുമെന്നും അദ്ദേഹം പറഞ്ഞു. ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്, അംഗം ജി. സുന്ദരേശൻ, ജില്ലാ പോലീസ് മേധാവി വി. അജിത്ത് തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.

