തിരുവനന്തപുരം: ക്ഷേമ പെൻഷൻ കുടിശ്ശിക ഇനത്തിൽ 1,700 കോടി രൂപ ഈ സാമ്പത്തിക വർഷം വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. നിലവിൽ സാമൂഹ്യക്ഷേമ പെൻഷനുകളുടെ അഞ്ച് ഗഡുക്കളാണ് കുടിശ്ശികയുള്ളത്. പ്രതിമാസം 1,600 രൂപയാണ് സാമൂഹ്യക്ഷേമ പെൻഷനായി വിതരണം ചെയ്യുന്നത്.
2024 മാർച്ച് മുതൽ നിലവിലെ പെൻഷൻ കൃത്യസമയത്തു നൽകിവരുന്നുണ്ട്. പണഞെരുക്കം കാരണമുണ്ടായ സാമൂഹ്യക്ഷേമ പെൻഷൻ കുടിശ്ശിക 2024-25 സാമ്പത്തിക വർഷത്തിൽ രണ്ടു ഗഡുക്കളും 2025-26 ൽ മൂന്നു ഗഡുക്കളായും വിതരണം ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. സാമൂഹ്യ ക്ഷേമ പെൻഷൻ കുടിശ്ശിക തീർത്തും നൽകണമെന്ന കാര്യത്തിൽ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. നിലവിൽ 4,250 കോടി രൂപയാണ് ഈ ഇനത്തിൽ കുടിശ്ശികയായുള്ളത്. 2024-25 സാമ്പത്തിക വർഷത്തിൽ കുടിശ്ശികയുടെ ഭാഗമായി 1,700 കോടി രൂപ വിതരണം ചെയ്യും.
സംസ്ഥാനത്ത് വിതരണം ചെയ്യുന്ന ദേശീയ വാർദ്ധക്യകാല പെൻഷൻ, ദേശീയ വിധവാ പെൻഷൻ, ദേശീയ വികലാംഗ പെൻഷൻ എന്നിവയ്ക്കാണ് കേന്ദ്ര സഹായം ലഭിക്കുന്നത്. നിലവിൽ കേന്ദ്ര വിഹിതം കൃത്യമായി ലഭിക്കാത്ത സ്ഥിതിയാണ്. 2024 മെയ് വരെ അനുവദിച്ചിട്ടുള്ള സാമൂഹ്യ സുരക്ഷാ പെൻഷനുകളുടെ കേന്ദ്ര വിഹിതവും സംസ്ഥാന സർക്കാരാണ് നൽകിയത്. 2023 ജൂൺ വരെയുള്ള കേന്ദ്ര വിഹിതം മാത്രമാണ് സംസ്ഥാനത്തിന് ലഭ്യമായിട്ടുള്ളത്. കേന്ദ്ര വിഹിതം യഥാസമയം ലഭിക്കാത്തതിനാൽ അധിക ബാധ്യതയും സംസ്ഥാന സർക്കാർ വഹിക്കേണ്ട സ്ഥിതിയാണുള്ളത്.

