ആ പാട്ടിൽ പറഞ്ഞത് തന്റെ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ; മുറിവ് ഗാനവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ ഗൗരി ലക്ഷ്മി

മുറിവ് എന്ന ഗാനത്തിനെതിരെ സമൂഹ മാദ്ധ്യമങ്ങളിൽ നടക്കുന്ന ചർച്ചകളിൽ പ്രതികരണവുമായി ഗായിക ഗൗരി ലക്ഷ്മി. ഈ ഗാനത്തിലെ വരികൾ തന്റെ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങളാണെന്നാണ് ഗൗരി വ്യക്തമാക്കുന്നത്. ‘എന്റെ പേര് പെണ്ണ്’ എന്നു തുടങ്ങുന്ന ഗൗരിയുടെ ഗാനത്തിനെതിരെ സമൂഹ മാധ്യമങ്ങളിൽ വലിയ തോതിൽ സൈബർ ആക്രമണം നടന്നിരുന്നു. ഈ സാഹചര്യത്തിലാണ് ഗൗരി പ്രതികരണവുമായി രംഗത്തെത്തിയത്.

മുറിവ് തന്റെ അനുഭവമാണ്. അതിൽ ആദ്യം പറയുന്ന എട്ടുവയസ് തന്റെ പേഴ്‌സണൽ എക്‌സ്പീരിയൻസാണ്. ബസിൽ പോകുമ്പോൾ താനിട്ടിരുന്ന ഡ്രസ് വരെ തനിക്ക് ഓർമയുണ്ട്. തന്റെ അച്ഛനെക്കാൾ പ്രായമുള്ള ഒരാളാണ് പിന്നിൽ ഇരുന്നത്. അയാളുടെ മുഖം തനിക്ക് ഓർമ്മയില്ല. തന്റെ ടോപ്പ് പൊക്കി തൻറെ വയറിലേക്ക് കൈവരുന്നത് താൻ അറിഞ്ഞു.താൻ അയാളുടെ കൈ തട്ടിമാറ്റി തനിക്ക് അമ്മയുടെ അടുത്ത് പോകണം എന്ന് പറഞ്ഞ് മുന്നോട്ട് പോയി. അന്ന് അത് എനിക്ക് പറഞ്ഞ് തരാൻ ആരും ഇല്ലായിരുന്നു. പക്ഷെ ഇത് പ്രശ്‌നം പിടിച്ച പരിപാടിയാണ് എന്ന് തനിക്ക് മനസിലായെന്നും ഗൗരി പറയുന്നു.

13-ാം വയസിൽ ബന്ധു വീട്ടിൽ പ്പോയ കാര്യവും പാട്ടിൽ പറയുന്നുണ്ട്. അതും തന്റെ അനുഭവമാണ്. അവധിക്കാലത്ത് സ്ഥിരം പോകുന്ന വീടായിരുന്നു. അയാളുടെ പെരുമാറ്റത്തിൽ മാറ്റം വന്നുതുടങ്ങിയതോടെ താൻ ആ വീട്ടിൽ പിന്നീട് പോകാതായെന്നും ഗൗരി വ്യക്തമാക്കി.