ഡോ.വന്ദനാ ദാസ് മെമ്മോറിയൽ; മകളുടെ പേരിൽ ക്ലിനിക് ആരംഭിക്കാൻ വന്ദനാ ദാസിന്റെ മാതാപിതാക്കൾ

കൊല്ലം: സാധാരണക്കാർക്കും മികച്ച ചികിത്സ ലഭ്യമാക്കാൻ ക്ലിനിക് ആരംഭിച്ച് കൊല്ലപ്പെട്ട യുവ ഡോക്ടർ വന്ദനാ ദാസിന്റെ മാതാപിതാക്കൾ. വന്ദന കൊല്ലപ്പെട്ട് ഒരു വർഷത്തിന് ശേഷമാണ് മാതാപിതാക്കൾ മകളുടെ ഓർമ്മയ്ക്കായി ക്ലിനിക്ക് നിർമ്മിച്ചിരിക്കുന്നത്. മകളുടെ ആഗ്രഹം പോലെയാണ് മോഹൻദാസും വസന്തകുമാരിയും ചേർന്ന് ക്ലിനിക്ക് നിർമിച്ചത്. മകളുടെ വിവാഹത്തിനായി കരുതിവെച്ച പണമാണ് ഇതിന് ഉപയോഗിച്ചത്.

തൃക്കുന്നപ്പുഴയിൽ വസന്തകുമാരിക്ക് കുടുംബ ഓഹരിയായി ലഭിച്ച ഭൂമിയിലണ് ക്ലിനിക്ക് ഉയരുന്നത്. മുമ്പുണ്ടായിരുന്ന കെട്ടിടം ഡോ. വന്ദനദാസ് മെമ്മൊറിയിൽ ക്ലിനിക്ക് എന്ന പേരിൽ പുതുക്കി പണിയുകയായിരുന്നു. ക്ലിനിക്കിന്റെ രജിസ്‌ട്രേഷനും ലൈസൻസും ഉൾപ്പെടെയുള്ള നടപടി ക്രമങ്ങളാണ് ഇനി പൂർത്തിയാകാനുള്ളത്.

തൃക്കുന്നപ്പുഴയിൽ സാധാരണക്കാർക്കായി ക്ലിനിക്ക് എന്ന ആഗ്രഹം വന്ദന തന്റെ മാതാപിതാക്കളോട് പങ്കുവെച്ചിരുന്നു. ആഴ്ചയിൽ രണ്ട് ദിവസമെങ്കിലും സൗജന്യ സേവനം നടത്താനായിരുന്നു വന്ദന ആഗ്രഹിച്ചത്. മകൾ മരണപ്പെട്ടെങ്കിലും മകളുടെ ആഗ്രഹം നിറവേറ്റാനുള്ള പരിശ്രമത്തിലാണ് മാതാപിതാക്കൾ.