തിരുവനന്തപുരം; പിഎസ്സി അംഗ നിയമനം നൽകാമെന്ന് വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെന്ന ആരോപണവുമായി ബന്ധപ്പെട്ട് പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയിലാണ് മുഖ്യമന്ത്രി ഇതുസംബന്ധിച്ച പ്രതികരണം നടത്തിയത്. പി എസ് സി അംഗങ്ങളെ നിയമിക്കുന്നതിൽ വഴി വിട്ട രീതിയിൽ ഒന്നും നടക്കാറില്ലെന്ന് അദ്ദേഹം പറഞ്ഞു.
നാട്ടിൽ പലതരം തട്ടിപ്പുകൾ നടക്കുന്നുണ്ട്. തട്ടിപ്പ് നടന്നാൽ അതിന് തക്ക നടപടി എടുക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. കോഴിക്കോട്ടെ കോഴ വിവാദം ശ്രദ്ധയിൽപ്പെട്ടിരുന്നോ എന്ന എൻ ഷംസുദ്ദീന്റെ ചോദ്യത്തിനാണ് അദ്ദേഹം മറുപടി നൽകിയത്. ഭരണകക്ഷി നേതാവ് 60 ലക്ഷം കോഴ വാങ്ങിയെന്നാണ് ആരോപണം. ഇത് മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ എന്ന് ഷംസുദ്ദീൻ ചോദിച്ചു. പിഎസ്സിയെ അപകീർത്തിപ്പെടുത്താൻ ഒട്ടേറെ ശ്രമങ്ങൾ നേരത്തെ നടക്കുന്നുണ്ട്. പിഎസ്സി അംഗങ്ങളെ നിയമിക്കുന്നത് ഏതെങ്കിലും തരത്തിലുള്ള അഴിമതിയുടെ ഭാഗമായിട്ടല്ലെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

