എല്ലാ ലൈബ്രറികളിലെയും പുസ്തക ശേഖരങ്ങളെ ഡിജിറ്റൈസ് ചെയ്യണം: മന്ത്രി ഡോ. ആർ ബിന്ദു

തിരുവനന്തപുരം: കേരളത്തിലെ എല്ലാ ലൈബ്രറികളിലെയും പുസ്തക ശേഖരങ്ങളെ ഡിജിറ്റൈസ് ചെയ്ത് സമാഹരിക്കുന്നതിനുള്ള കൂട്ടായ ശ്രമങ്ങൾ നടത്തണമെന്ന് മന്ത്രി ഡോ. ആർ ബിന്ദു. കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സംഘടിപ്പിച്ച വായനപക്ഷാചരണം സംസ്ഥാനതല സമാപനം പെരുമ്പാവൂർ ഫാസ് ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

യുവതലമുറ വായിക്കുന്നില്ലെന്ന പ്രചാരണം തെറ്റാണ്. പുസ്തകോത്സവങ്ങളിലും ചർച്ചകളിലും മറ്റും യുവാക്കൾ ആവേശത്തോടെ പങ്കെടുക്കുന്നു. വായനയുടെ രീതികൾ മാറിയിട്ടുണ്ടാകാം. പുസ്തകങ്ങളിൽ നിന്ന് ഡിജിറ്റൽ വായനയിലേക്ക് യുവാക്കൾ മാറിയിരിക്കാം. വായനയുടെ സാമൂഹ്യദൗത്യം അവർ മനസിലാക്കുന്നുണ്ടോ എന്നത് പരിശോധിക്കേണ്ടതാണ്. കാലത്തിനനുസരിച്ചുള്ള വായനാശീലങ്ങളിലേക്ക് പുതുതലമുറ പോകുന്നുണ്ടെങ്കിൽ അത്തരം സംവിധാനങ്ങൾ നമ്മുടെ ലൈബ്രറികളിൽ സൃഷ്ടിച്ചെടുക്കണം. ഇതിനായി ഡിജിറ്റൈസേഷന്റെയും ഡിജിറ്റൽ സംവിധാനങ്ങളുടെയുമൊക്കെ സാധ്യതകൾ വായനശാലകളും ഗ്രാമീണ ഗ്രന്ഥശാലകളും കണ്ടെത്തണം. യോജിച്ച പ്രവർത്തനം ഇതിനാവശ്യമാണ്. ഉന്നതവിദ്യാഭ്യാസ കൗൺസിലിന്റെ നേതൃത്വത്തിൽ കേരളത്തിലെ അക്കാദമിക് ലൈബ്രറികളുടെ ശൃംഖല കേരള അക്കാദമിക് ലൈബ്രറി നെറ്റ് വർക്ക് (കാൾനെറ്റ്) എന്ന പേരിൽ വികസിപ്പിച്ചിട്ടുണ്ട്. ഇതിന് സമാനമായ രീതിയിൽ കേരളത്തിലെ പ്രശസ്തമായ എല്ലാ വായനശാലകളെയും ഏകോപിപ്പിച്ചുകൊണ്ടുള്ള സംവിധാനത്തിന് രൂപം നൽകണം.

കേരളത്തെ വൈജ്ഞാനിക സമൂഹമാക്കി പരിവർത്തനപ്പെടുത്തുന്നതിനുള്ള ശ്രമങ്ങൾ നടക്കുകയാണ്. കേരളം ആർജിച്ച വൈജ്ഞാനിക സമ്പത്ത് ഉപയോഗിച്ച് കേരളത്തിന്റെ സമ്പദ്ഘടനയുടെ വിപുലീകരണവും ജനജീവിത നിലവാര വർധനയുമാണ് ലക്ഷ്യം. ഇതിനു സഹായകമായ രീതിയിൽ വായനശാലകളുടെ പ്രവർത്തനങ്ങളിലും കാലാനുസൃതമായ നവീകരണം സാധ്യമാക്കുന്നത് സംബന്ധിച്ച് നിർദേശങ്ങൾ സമർപ്പിക്കുന്നതിനായി ഒരു കമ്മിറ്റിയെ നിയമിക്കും. അടുത്ത വർഷത്തെ വായനപക്ഷാചരണം തുടങ്ങുന്നതിന് മുൻപ് ഇതുസംബന്ധിച്ച തുടർ നടപടികളിലേക്ക് കടക്കുമെന്നും മന്ത്രി പറഞ്ഞു.

മലയാളിയുടെ സംവേദന ശീലങ്ങലേ സാർവദേശീയ തലത്തിലേക്ക് കൈപിടിച്ച് കൊണ്ടുപോകുന്നതിന് കേരളത്തിലെ ഗ്രന്ഥശാലകൾ നൽകിയ സംഭാവനകൾ ശ്ലാഘനീയമാണ്. കേരളത്തിലാണ് വായനശാലകളുടെ സാന്ദ്രത ഏറ്റവും കൂടുതലുള്ളത്. 9000 ത്തിലധികം ജനകീയ ഗ്രന്ഥശാലകൾ കേരളത്തിലുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ലൈബ്രറികൾ ഇതിനു പുറമേയാണ്. ജനകീയ പിൻബലമുള്ള ഗ്രന്ഥശാലകൾ കേരളത്തിന്റെ സാമൂഹ്യ പൊതുമണ്ഡലത്തെ പുരോഗമനാത്മകവും ശാസ്ത്രബോധമുള്ളതുമൊക്കെയാക്കി രൂപപ്പെടുത്തുന്നതിൽ കൂട്ടായ പങ്കുവഹിച്ചു. ശ്രീനാരായണ ഗുരുവും വാഗ്ഭടാനന്ദനും ചേർന്ന് വിദ്യ കൊണ്ട് സ്വതന്ത്രരാകാനും സംഘടന കൊണ്ട് ശക്തരാകാനും ആഹ്വാനം ചെയ്തപ്പോൾ അത് ഹൃദയത്തിലേറ്റെടുത്ത് മുന്നോട്ട് പോയവരാണ് മലയാളികൾ. എന്നാൽ ഇന്നത്തെ സാമൂഹ്യസ്ഥിതി വ്യത്യസ്തമാണ്. വായന അറിവിന്റെയും അനുഭൂതിയുടെയും വിശാല ലോകത്തേക്ക് നമ്മെ കൊണ്ടുപോകുന്നതോടൊപ്പം സ്ഥലകാലപരിമിതികൾക്കപ്പുറത്തെ സാർവദേശീയ വികാരങ്ങളിലേക്ക് എത്താനുള്ള ഹൃദയ വികാസം കൂടി നൽകുന്നു. ഇന്ന് ചില പ്രതിലോമകരമായ പ്രവണതകളും പിന്തിരിപ്പൻ പ്രത്യശാസ്ത്രങ്ങളും കേരളത്തിന്റെ സാമൂഹ്യ, സാംസ്‌കാരിക പൊതുമണ്ഡലങ്ങളെ മലീമസമാക്കുന്നുണ്ട്. ഇതിനെ പ്രതിരോധിക്കേണ്ട കാലമാണിത്. വിപുലമായ ശൃംഖലയുള്ള ജനകീയ വായനശാലകൾ അറിവിന്റെ മഹാപരിച ഉയർത്തിപ്പിച്ച് അതിയാഥാസ്ഥിതിക കാഴ്ചപ്പാടുകളെ ചെറുത്തുനിന്ന ചരിത്രമാണ് നമുക്കുള്ളത്. വിശാലമായ സത്യത്തിന്റെ ഇടങ്ങളിലേക്കാണ് നമ്മുടെ ഭാവിതലമുറ നയിക്കപ്പെടേണ്ടത്. പ്രതിലോമകരമായ പ്രവണതകളെ പ്രതിരോധിക്കാനുള്ള ഉത്തരവാദിത്തം ഈ തലമുറയിലുള്ളവർക്കുണ്ടെന്നും ബിന്ദു കൂട്ടിച്ചേർത്തു.