വില്ലിങ്ടൺ ഐലൻഡിൽ 500 കോടി രൂപയുടെ ടൗൺഷിപ്പ് ഒരുങ്ങുന്നു; ടൂറിസം മേഖലയ്ക്ക് നേട്ടം

കൊച്ചി: വില്ലിങ്ടൺ ഐലൻഡിൽ 500 കോടി രൂപയുടെ ടൗൺഷിപ്പ് ഒരുങ്ങുന്നു. ഷോപ്പിങ്മാളും മൾട്ടിപ്ലക്സും മറ്റു വ്യാപാര സ്ഥാപനങ്ങളും ഉൾപ്പെടെയുള്ള പദ്ധതിയാണ് വെല്ലിംഗ്ടണ്ണിൽ ഒരുങ്ങുന്നത്. ഏകദേശം 150 ഏക്കറാണ് ബി.ഒ.ടി. പാലത്തിനടുത്തായി (അലക്‌സാണ്ടർ പറമ്പിത്തറ പാലം മുതൽ പഴയ ബ്രിഡ്ജ് വരെ) കൊച്ചി തുറമുഖ അതോറിറ്റിക്കുള്ളത്. ഇത് ദേശീയപാത 966 ബി.യുടെ അടുത്തായാണ് വരുന്നത്. ആദ്യഘട്ടമെന്ന നിലയിൽ 15 ഏക്കറിലാണ് നിർമാണ പ്രവൃത്തികൾ ആരംഭിച്ചത്.

ഹൈലൈറ്റ് ഗ്രൂപ്പ് ഷോപ്പിങ് മാൾ നിർമിക്കാനുള്ള പദ്ധതികൾ ആരംഭിച്ചിട്ടുണ്ട്. ചെറിയ ഐസ്‌ക്രീം കട മുതൽ വൻകിട വ്യാപാര ശൃംഖലകൾ വരെ ഈ പദ്ധതിയുടെ പരിധിയിലുണ്ട്. മൾട്ടിപ്ലക്‌സുകളും ഇവിടെ ഉയരും. നിലവിൽ കേരളത്തിന് അകത്തും പുറത്തുമുള്ള വിവിധ വസ്ത്ര ബ്രാൻഡുകൾ, കഫെ, റസ്റ്ററന്റ് തുടങ്ങിയവ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. ഇതിൽ അന്താരാഷ്ട്ര ബ്രാൻഡായ സ്റ്റാർബക്‌സും ഉൾപ്പെടും. മറ്റ് വിവിധ പദ്ധതികളുടെ പ്രവൃത്തികൾ പുരോഗമിക്കുന്നുണ്ട്.

കൊച്ചി തുറമുഖ അതോറിറ്റിയുടെ സ്ഥലം വിവിധ ഗ്രൂപ്പുകൾക്കും വ്യാപാര സ്ഥാപനങ്ങൾക്കും പാട്ടത്തിന് നൽകിയാണ് വികസന പദ്ധതികൾ ഒരുക്കുന്നത്. 30 വർഷത്തെ കരാറിലാണ് മിക്ക പദ്ധതികളും നടപ്പാക്കുന്നത്.