ന്യൂഡൽഹി: നീറ്റ് പരീക്ഷയിൽ നിന്ന് തമിഴ്നാടിനെ ഒഴിവാക്കണമെന്ന് അഭ്യർത്ഥിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ച് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. ദേശീയതലത്തിൽ ഈ സംവിധാനം അവസാനിപ്പിക്കണമെന്നാണ് സ്റ്റാലിൻ കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്. നീറ്റ് പരീക്ഷയെ എതിർത്തുകൊണ്ട് തമിഴ്നാട് നിയമസഭ വെള്ളിയാഴ്ച പ്രമേയം പാസാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സ്റ്റാലിൻ പ്രധാനമന്ത്രിയ്ക്ക് കത്ത് നൽകിയിരിക്കുന്നത്.
പ്രത്യേക പരീക്ഷ നടത്താതെ പ്രൊഫഷണൽ കോഴ്സുകളിലേക്കുള്ള പ്രവേശനം പ്ലസ്ടു മാർക്കിന്റെ മാത്രം അടിസ്ഥാനത്തിൽ നൽകണമെന്നും പ്രവേശന പരീക്ഷകൾ വിദ്യാർഥികളിൽ അനാവശ്യ സമ്മർദം സൃഷ്ടിക്കുകയാണെന്നും കത്തിൽ പറയുന്നു. തമിഴ്നാടിനെ നീറ്റിൽ നിന്ന് ഒഴിവാക്കണം. മെഡിക്കൽ പ്രവേശനം പ്ലസ് ടു മാർക്കിന്റെ അടിസ്ഥാനത്തിലായിരിക്കണമെന്നും ആവശ്യപ്പെട്ടുള്ള പ്രമേയം ഞങ്ങൾ നിയമസഭയിൽ ഐക്യകണ്ഠേന പാസാക്കിയിട്ടുണ്ട്. ഇത് രാഷ്ട്രപതിയുടെ അംഗീകാരത്തിനായി അയക്കുകയും ചെയ്തു. എന്നാൽ ഇക്കാര്യത്തിൽ ഇതുവരെ ഒരു സ്ഥിരീകരണം ലഭിച്ചിട്ടില്ല. അടുത്തിടെ നീറ്റ് പരീക്ഷക്കിടെ നടന്ന ക്രമക്കേടുകൾ തമിഴ്നാട് സർക്കാറിന്റെ എതിർപ്പിനെ സാധൂകരിക്കുന്നതാണ്. നിലവിലെ പ്രവേശന പ്രക്രിയ അവസാനിപ്പിക്കണമെന്ന് മറ്റു പല സംസ്ഥാനങ്ങളും ഇതിനോടകം ആവശ്യപ്പെടുന്നു. ഈ കാര്യങ്ങളെല്ലാം പരിഗണിച്ച് തമിഴ്നാടിനെ നീറ്റിൽ നിന്ന് ഒഴിവാക്കുന്നതിനുള്ള ബില്ലിന് കേന്ദ്രസർക്കാർ അനുമതി നൽകണമെന്നും കത്തിൽ വിശദീകരിക്കുന്നു.
അതേസമയം, നീറ്റ് വിഷയത്തിൽ തമിഴ്നാടിനെ പിന്തുണയ്ക്കണം എന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കും സ്റ്റാലിൻ കത്തയച്ചു. എൻടിഎ നടത്തിയ പരീക്ഷയിലെ ക്രമക്കേടുകളെക്കുറിച്ചുള്ള സമീപകാല റിപ്പോർട്ടുകൾ രാജ്യത്തെ മെഡിക്കൽ കോഴ്സുകൾക്കായി തയ്യാറെടുക്കുന്ന പലരുടെയും സ്വപ്നങ്ങളെയാണ് തകർത്തത്. അതുകൊണ്ട് തമിഴ്നാടിന്റെ ഈ ആശങ്കയും ആവശ്യവും പാർലമെന്റിൽ അറിയിക്കണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു, കൂടാതെ രാജ്യത്തെ യുവാക്കളുടെ താൽപ്പര്യം കണക്കിലെടുത്ത് അതത് സംസ്ഥാന നിയമസഭകളിൽ സമാനമായ പ്രമേയങ്ങൾ പാസാക്കാൻ ഇൻഡി സഖ്യത്തിലുള്ള സംസ്ഥാനങ്ങളോട് നിർദ്ദേശിക്കുകയും ചെയ്യുന്നുവെന്ന് സ്റ്റാലിൻ അറിയിച്ചു.

