വ്യാജ പ്രചാരണം ഉണ്ടാക്കി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിനാണ് പ്രതിപക്ഷം സബ്മിഷൻ കൊണ്ടുവന്നത്; എം ബി രാജേഷ്

തിരുവനന്തപുരം: പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് മന്ത്രി എംബി രാജേഷ്. ടിപി കേസ് പ്രതികൾക്ക് ശിക്ഷാ ഇളവിന് നീക്കമുണ്ടെന്ന തരത്തിൽ പ്രതിപക്ഷം കൊണ്ടുവന്ന സബ്മിഷനെ മന്ത്രി എതിർത്തു. വ്യാജ പ്രചാരണം ഉണ്ടാക്കി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിനാണ് പ്രതിപക്ഷം സബ്മിഷൻ കൊണ്ടുവന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

തെറ്റായ കാര്യങ്ങൾ ആവർത്തിച്ച് പ്രതിപക്ഷം പുകമറ ഉണ്ടാക്കുകയാണ്. ഇപ്പോൾ പ്രസക്തമല്ലാത്ത കാര്യമാണ് പ്രതിപക്ഷം ടിപി കേസിൽ പറയുന്നത്. ശിക്ഷാ ഇളവ് പരിഗണിക്കുന്നില്ലെന്ന് സർക്കാർ നേരത്തെ വ്യക്തമാക്കിയതാണ്. രമയുടെ മൊഴിയെടുത്തത് പൊലീസ് നടപടി ക്രമമാണോ എന്ന് പരിശോധിക്കണമെന്നും ആരെങ്കിലും ബോധപൂർവം ഇടപെടുന്നുണ്ടോ എന്ന് പരിശോധിക്കണമെന്നും ഗൗരവമായ അന്വേഷണം ഇക്കാര്യത്തിൽ നടക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ച് വിവിധ ജയിലുകളിലെ തടവുകാർക്ക് ശിക്ഷാ ഇളവ് നൽകാൻ സർക്കാർ തീരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ശിക്ഷാ ഇളവ് / അകാല വിടുതൽ നൽകുന്നത് സംബന്ധിച്ച് 25.11.2022ലെ സർക്കാർ ഉത്തരവിലെ മാനദണ്ഡ പ്രകാരം പരിഗണിക്കേണ്ട തടവുകാരുടെ പട്ടിക ജയിൽ മേധാവി സർക്കാരിൽ ലഭ്യമാക്കിയിരുന്നു.

പട്ടികയിൽ അനർഹർ ഉൾപ്പെട്ടതായി കണ്ടതിനാൽ മാനദണ്ഡങ്ങൾ കർശനമായി പാലിച്ചുകൊണ്ട് പുതുക്കിയ പട്ടിക സമർപ്പിക്കുവാൻ ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറി 03.06.2024ന് ജയിൽ വകുപ്പ് മേധാവിക്ക് നിർദ്ദേശം നൽകിയിരുന്നു.

പ്രത്യേക ഇളവ് അനുവദിക്കരുതെന്ന് ബഹു. കോടതി പ്രഖ്യാപിച്ചിട്ടുള്ള കേസുകളിൽ ഉൾപ്പെട്ട പ്രതികൾക്ക് നിലവിലെ മാനദണ്ഡപ്രകാരം ശിക്ഷായിളവിന് അർഹതയില്ല. SC No. 867/2012 കേസിലെ ശിക്ഷാതടവുകാർക്ക് 20 വർഷം തടവ് പൂർത്തിയാക്കും മുമ്പ് ഇളവ് അനുവദിക്കരുതെന്ന ബഹു. ഹൈക്കോടതി ഉത്തരവ് നിലവിലുണ്ട്.

SC No. 867/2012 നമ്പർ കേസിൽ ശിക്ഷിക്കപ്പെട്ട് തടവിലുള്ളവരുടെ ശിക്ഷായിളവ് സംബന്ധിച്ച് കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ട്, പോലീസ് റിപ്പോർട്ട് തേടിയത് മാനദണ്ഡപ്രകാരമല്ല. ഇത് സംബന്ധിച്ച മാധ്യമ വാർത്തകൾ ശ്രദ്ധയിൽപ്പെട്ടയുടൻ സൂപ്രണ്ടിന്റെ വിശദീകരണം ജയിൽ മേധാവി തേടുകയും ചെയ്തിരുന്നു. പ്രസ്തുത കേസിലെ പ്രതികളെ ഒഴിവാക്കി ശിക്ഷാ ഇളവിനുള്ളവരുടെ അന്തിമ പട്ടിക സർക്കാരിൽ നൽകുമെന്ന് വ്യക്തമാക്കി 22.06.2024 ന് ജയിൽ മേധാവി പത്രക്കുറിപ്പും നൽകിയിരുന്നു.

ശിക്ഷാ ഇളവിന് പരിഗണിക്കുന്ന തടവുകാരുടെ വിവരങ്ങൾ ആരാഞ്ഞ് കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ട് ജില്ലാ പോലീസ് മേധാവിക്ക് നൽകിയ കത്തും ഇക്കാര്യത്തിൽ ജയിൽ ഹെഡ് ക്വാർട്ടേഴ്സിലേക്ക് ജയിൽ സൂപ്രണ്ട് നൽകിയ വിശദീകരണവും മാധ്യമങ്ങൾക്ക് ലഭിക്കുന്ന സ്ഥിതിയുണ്ടായിട്ടുണ്ട്. ഇതുൾപ്പെടെയുള്ള കാര്യങ്ങൾ സർക്കാർ ഗൗരവമായി പരിശോധിക്കുന്നതാണ്.
തെറ്റായ പട്ടിക തയ്യാറാക്കി പോലീസ് റിപ്പോർട്ട് തേടിയതിന് ഉത്തരവാദികളായ കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ടിന്റെ ചുമതലയുള്ള ജോയിന്റ് സൂപ്രണ്ട് കെ.എസ്. ശ്രീജിത്ത്, അസിസ്റ്റന്റ് സൂപ്രണ്ട് ഗ്രേഡ്-1 ശ്രീ. ബി.ജി.അരുൺ, അസിസ്റ്റന്റ് പ്രിസൺ ഓഫീസർ ശ്രീ. ഒ.വി. രഘുനാഥ് എന്നിവരെ അന്വേഷണവിധേയമായി സർവീസിൽ നിന്നും സസ്പെന്റ് ചെയ്യാൻ ഉത്തരവ് നൽകിയിട്ടുണ്ട്.

സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ചുള്ള ശിക്ഷാ ഇളവ് നൽകുന്നതിന് 2022 ലെ മാനദണ്ഡങ്ങൾ പ്രകാരമുള്ള തടവുകാരുടെ പുതുക്കിയ പട്ടിക സർക്കാരിന്റെ പരിഗണനയ്ക്ക് വന്നിട്ടില്ല. ഈ സാഹചര്യത്തിൽ SC No. 867/2012 കേസിലെ ശിക്ഷാതടവുകാർക്ക് ശിക്ഷാ ഇളവ് നൽകുന്നത് സർക്കാരിന്റെ പരിഗണനയിലില്ല. ഇത് സംബന്ധിച്ച ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ സബ്മിഷന് മുഖ്യമന്ത്രിക്ക് വേണ്ടി മന്ത്രി എം ബി രാജേഷ് നിയമസഭയിൽ മറുപടി നൽകി.