ന്യൂഡൽഹി: നീറ്റ്, നെറ്റ് അടക്കം പൊതു പരീക്ഷകളുടെ ചോദ്യപ്പേപ്പറുകൾ ചോരുന്നത് തടയാനുളള പൊതു പരീക്ഷാ നിയമത്തിന്റെ (പബ്ലിക് എക്സാമിനേഷൻ ആക്ട് 2024 ) ചട്ടങ്ങൾ പുറത്തിറക്കി കേന്ദ്ര സർക്കാർ. പരീക്ഷാ നടത്തിപ്പിൽ പ്രശ്നങ്ങൾ കണ്ടെത്തിയാൽ ആദ്യം പരാതി നൽകേണ്ടത് പരീക്ഷാ സെന്ററിന്റെ ചുമതലക്കാരനായ ഉദ്യോഗസ്ഥനാണെന്നാണ് പുതിയ നിർദ്ദേശത്തിൽ വ്യക്തമാക്കിയിരിക്കുന്നത്.
നീറ്റ്, നെറ്റ് അടക്കം പൊതു പരീക്ഷകളുടെ ചോദ്യപ്പേപ്പറുകൾ ചോർന്ന സാഹചര്യം രാജ്യത്ത് പരീക്ഷാ നടത്തിപ്പിലെ സുതാര്യതയിൽ സംശയം പ്രകടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ നടപടി.
റീജിയണൽ ഓഫീസറുടെ റിപ്പോർട്ടും പരാതിക്കൊപ്പം നൽകണം. പരാതി ലഭിച്ചാൽ ഉടൻ പ്രത്യേക സമിതിയുണ്ടാക്കി അന്വേഷണം നടത്തണം. അന്വേഷണ സമിതിയുടെ അധ്യക്ഷൻ ജോയിന്റ് സെക്രട്ടറി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥനാകണം. ഈ സമിതി നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടി സ്വീകരിക്കണമെന്നുമാണ് ചട്ടം നിഷ്‌കർഷിക്കുന്നത്.

