ന്യൂഡൽഹി: ലോക്സഭയിൽ മലയാളത്തിൽ സത്യപ്രതിജ്ഞ ചെയ്ത് കേന്ദ്രമന്ത്രിയും എംപിയുമായ സുരേഷ് ഗോപി. മലയാളത്തിലാണ് സുരേഷ് ഗോപി സത്യപ്രതിജ്ഞ ചെയ്തത്. ദൈവനാമത്തിലായിരുന്നു സുരേഷ് ഗോപിയുടെ സത്യപ്രതിജ്ഞ. മൂന്നാം മോദി മന്ത്രിസഭയിലെ പെട്രോളിയം, ടൂറിസം വകുപ്പ് സഹമന്ത്രിയാണ് സുരേഷ് ഗോപി.
സത്യവാചകം ചൊല്ലുന്നതിനുമുമ്പായി അദ്ദേഹം നേർത്ത ശബ്ദത്തിൽ ‘കൃഷ്ണാ, ഗുരുവായൂരപ്പാ, ഭഗവാനേ’ എന്ന് പ്രാർഥിക്കുകയും ചെയ്തു. പതിനെട്ടാം ലോക്സഭാ സമ്മേളനത്തിന്റെ ആദ്യദിനത്തിൽ പ്രധാനമന്ത്രിയുടെയും എംപിമാരുടെയും സത്യപ്രതിജ്ഞാ ചടങ്ങിനാണ് രാജ്യം സാക്ഷ്യം വഹിച്ചത്.
സത്യപ്രതിജ്ഞാ ചടങ്ങിന് മുന്നോടിയായി സുരേഷ് ഗോപി മാദ്ധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. ലോകത്തെമ്പാടുമുള്ള മലയാളികൾക്കും വേണ്ടി പ്രവർത്തിക്കുമെന്ന് സുരേഷ് ഗോപി വ്യക്തമാക്കി. പിന്തുണച്ചവർക്കും പ്രാർത്ഥിച്ചവർക്കും നന്ദി അറിയിക്കുന്നു. മാതൃകാപരമായ പ്രവർത്തനം കാഴ്ച വയ്ക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം അറിയിച്ചു.

