ഹൈക്കോടതി ഉത്തരവ് വരുന്നതുവരെ ജയിലിൽ തുടരണം; കെജ്രിവാളിനോട് സുപ്രീംകോടതി

ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ ജാമ്യം സംബന്ധിച്ച് ഹൈക്കോടതി ഉത്തരവ് വരുന്നതുവരെ ജയിലിൽ തുടരാൻ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനോട് നിർദ്ദേശിച്ച് സുപ്രീംകോടതി. കെജ്രിവാളിന്റെ ഹർജി ജൂൺ 26 ബുധനാഴ്ച്ച പരിശോധിക്കാമെന്നാണ് സുപ്രീം കോടതി അറിയിച്ചത്. മദ്യനയ കേസിൽ വിചാരണക്കോടതി അനുവദിച്ച ജാമ്യം ഹൈക്കോടതി ഇടക്കാലത്തേക്കു സ്റ്റേ ചെയ്തതിനെതിരെയാണ് അരവിന്ദ് കേജ്രിവാൾ സുപ്രീം കോടതിയിൽ ഹർജി നൽകിയത്.

ജാമ്യം അനുവദിക്കാത്തത് നീതിനിഷേധമാണെന്നാണ് കേജ്രിവാളിന്റെ അഭിഭാഷകൻ കോടതിയിൽ വ്യക്തമാക്കിയത്. വിചാരണക്കോടതി ജൂൺ 20ന് കെജ്രിവാളിന് ജാമ്യം അനുവദിച്ചിരുന്നെങ്കിലും വിധി റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് അടുത്ത ദിവസം തന്നെ ഇ ഡി ഹൈക്കോടതിയെ സമീപിച്ചു. കേസിന്റെ മുഴുവൻ രേഖകളും പഠിക്കാനുണ്ടെന്ന് അറിയിച്ച ഹൈക്കോടതി വിധി പറയുന്നത് രണ്ടോ മൂന്നോ ദിവസത്തേക്ക് മാറ്റിയിരുന്നു. അതുവരെയാണ് വിചാരണക്കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്തിരിക്കുന്നത്.

മാർച്ച് 21-നാണ് കെജ്രിവാളിനെ ഇഡി അറസ്റ്റു ചെയ്തത്. നേരത്തേ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി സുപ്രീംകോടതി കെജ്രിവാളിന് ഇടക്കാലജാമ്യം നൽകിയിരുന്നു.