ന്യൂഡൽഹി: ദ്വിദിന സന്ദർശനത്തിനായി ഇന്ത്യയിലെത്തി ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. നരേന്ദ്ര മോദി സർക്കാർ മൂന്നാമത് അധികാരത്തിലെത്തിയശേഷം ആദ്യമായി ഔദ്യോഗിക സന്ദർശനത്തിനെത്തുന്ന പ്രധാനമന്ത്രിയാണ് ഷെയ്ഖ് ഹസീന. പ്രധാനമന്ത്രിയുടെ പ്രത്യേക ക്ഷണപ്രകാരമാണ് ഷെയ്ഖ് ഹസീന ഇന്ത്യയിലെത്തിയത്.
വെള്ളിയാഴ്ചയാണ് ഷെയ്ഖ് ഹസീന ഡൽഹിയിലെത്തിയത്. വിദേശകാര്യ സഹമന്ത്രി കീർത്തിവർധൻ സിങ്ങിന്റെ നേതൃത്വത്തിലാണ് ബംഗ്ലാദേശ് പ്രധാനമന്ത്രിയെ ഇന്ത്യയിലേക്ക് സ്വീകരിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, രാഷ്ട്രപതി ദ്രൗപദി മുർമു, വൈസ് പ്രസിഡന്റ് ജഗ്ദീപ് ധൻകർ, വിദേശകാര്യമന്ത്രി എസ് ജയശങ്കർ തുടങ്ങിയവരുമായി ഷെയ്ഖ് ഹസീന കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിലും ഷെയ്ഖ് ഹസീന പങ്കെടുത്തിരുന്നു. അന്നത്തെ കൂടിക്കാഴ്ചയിൽ ധാക്ക സന്ദർശിക്കാനായി ഷെയ്ഖ് ഹസീന പ്രധാനമന്ത്രിയെ ക്ഷണിക്കുകയും ചെയ്തിരുന്നു.