ന്യൂഡൽഹി: കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്. യുജിസി നെറ്റ് പരീക്ഷ റദ്ദാക്കിയ പശ്ചാത്തലത്തിലാണ് കേന്ദ്ര സർക്കാരിനെതിരെ കോൺഗ്രസ് വിമർശനം ഉന്നയിച്ചത്. നീറ്റ് പരീക്ഷാ പേ ചർച്ച സംഘടിപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തയ്യാറാകുമോയെന്ന് എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ചോദിച്ചു. മൂന്നാം മോദി സർക്കാരിനെ ‘പേപ്പർ ലീക്ക് സർക്കാർ’ എന്നാണ് കോൺഗ്രസ് പരിഹസിച്ചത്.
നീറ്റ് പരീക്ഷാ പേപ്പർ ചോർച്ച കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ആദ്യം നിഷേധിച്ചിരുന്നു. എന്നാൽ, പിന്നീട് വിഷയത്തിൽ ബിഹാർ, ഗുജറാത്ത്, ഹരിയാണ അടക്കമുള്ള സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ മാഫിയയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരെ അറസ്റ്റ് ചെയ്തു. നരേന്ദ്ര മോദി ജീ, നിങ്ങൾ പരീക്ഷയെക്കുറിച്ച് ഒരുപാട് സംസാരിക്കുന്നുണ്ട്. ഇനി എപ്പോഴാണ് നിങ്ങൾ നീറ്റ് പരീക്ഷാ പേ ചർച്ച സംഘടിപ്പിക്കുക. യുജിസി നെറ്റ് പരീക്ഷ റദ്ദാക്കിയത് ലക്ഷക്കണക്കിന് വിദ്യാർഥികളുടെ നിശ്ചയദാർഢ്യത്തിന്റെ വിജയമാണ്. യുവജനങ്ങളുടെ ഭാവി പ്രതിസന്ധിയിലാക്കിയ മോദി സർക്കാരിന്റെ അഹങ്കാരത്തിനേറ്റ തിരിച്ചടിയാണ് ഇതെന്നും ഖാർഗെ അഭിപ്രായപ്പെട്ടു.
വിഷയത്തിൽ രാഹുൽ ഗാന്ധിയും പ്രതികരണം നടത്തി. വിദ്യാഭ്യാസ സംവിധാനം ആർ.എസ്.എസ്.- ബിജെപി കൈയടക്കിയിരിക്കുകയാണെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. ഇപ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രാജ്യത്തെ ആരും ഭയപ്പെടുന്നില്ല. നേരത്തെ 56 ഇഞ്ച് നെഞ്ചളവായിരുന്നുവെങ്കിൽ ഇപ്പോൾ നമ്പർ പറയാൻ സാധിക്കില്ലെങ്കിലും 30-32 ആയി ചുരുങ്ങിയെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി.