വെള്ളാപ്പള്ളി വർഗീയത വിളമ്പുന്നു; രൂക്ഷ വിമർശനവുമായി സമസ്ത മുഖപത്രം

കോഴിക്കോട്: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമർശനവുമായി സമസ്ത മുഖപത്രം. വെള്ളാപ്പള്ളി വർഗീയത വിളമ്പുന്നുവെന്നാണ് സമസ്ത മുഖപത്രമായ സുപ്രഭാതത്തിൽ ഉന്നയിച്ചിരിക്കുന്ന വിമർശനം. സംഘപരിവാറിനെ നാണിപ്പിക്കുന്ന തരത്തിൽ അവാസ്തവ കാര്യങ്ങൾ പറയുന്നുവെന്ന് സുപ്രഭാതത്തിൽ വ്യക്തമാക്കിയത്.

മൈക്രോ ഫിനാൻസ് തട്ടിപ്പ് ഉൾപ്പെടെയുള്ള കേസുകളിൽ നിന്ന് എങ്ങനെയാണ് അദ്ദേഹം ഊരിപ്പോയത്. ആർഎസ്എസിനുള്ള ഒളിസേവയാണു വെള്ളാപ്പള്ളി നടത്തുന്നത്. പാർലമെന്റിലും സർക്കാർ ഉദ്യോഗങ്ങളിലും മുസ്ലിങ്ങൾ കൂടുതലാണെന്നു പറയുന്ന വെള്ളാപ്പള്ളി കണക്കുകൾ പരിശോധിക്കണം. ഇസ്ലാമോഫോബിയ പടർത്താനാണു വെള്ളാപ്പള്ളിയുടെ ശ്രമമെന്നും സമസ്ത കുറ്റപ്പെടുത്തി.

സമസ്തയുടെ വിമർശനത്തിൽ മറുപടിയുമായി വെള്ളാപ്പള്ളി രംഗത്തെത്തി. താൻ വർഗീയത വിളമ്പുന്നുവെന്ന സമസ്ത മുഖപത്രത്തിന്റെ വിമർശനത്തിനു പുല്ലുവിലയേ കൽപ്പിക്കുന്നുള്ളൂവെന്ന് വെള്ളാപ്പള്ളി പറഞ്ഞു.