തിരുവനന്തപുരം: പിണറായി മന്ത്രിസഭയിൽ ഒ ആർ കേളു അംഗമാകും. ലോക്‌സഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ട കെ രാധാകൃഷ്ണനു പകരമാണ് കേളു മന്ത്രിസഭയിലെത്തുന്നത്. മാനന്തവാടി എംഎൽഎയാണ് കേളു. പട്ടികജാതി പട്ടിക വർഗ വികസനം വകുപ്പാകും കേളു കൈകാര്യം ചെയ്യുന്നത്. അതേസമയം, കെ രാധാകൃഷ്ണൻ കൈകാര്യം ചെയ്തിരുന്ന ദേവസ്വം വകുപ്പ് വി എൻ വാസവനും പാർലമെന്ററി കാര്യവകുപ്പ് എം ബി രാജേഷിനും നൽകിയിട്ടുണ്ട്. സംസ്ഥാന സെക്രട്ടേറിയറ്റിന്റെ തീരുമാനത്തിനു സംസ്ഥാന സമിതി അംഗീകാരം നൽകുകയായിരുന്നു.
നിലവിൽ വി എൻ വാസവൻ കൈകാര്യം ചെയ്യുന്നത് സഹകരണ, തുറമുഖ വകുപ്പുകളുടെ ചുമതലയാണ്. തദ്ദേശസ്വയംഭരണം, എക്‌സൈസ് തുടങ്ങിയ വകുപ്പുകളുടെ മന്ത്രിയാണ് എം ബി രാജേഷ്. ലോക്സഭാ തിരഞ്ഞെടുപ്പ് തോൽവിയുടെ പശ്ചാത്തലത്തിൽ മറ്റു ചില അഴിച്ചുപണികൾ കൂടി മന്ത്രിസഭയിൽ ഉണ്ടാകുമെന്ന തരത്തിൽ അഭ്യൂഹങ്ങൾ വന്നെങ്കിലും അത്തരം മാറ്റങ്ങളൊന്നും നിലവിൽ വേണ്ട എന്നാണു പാർട്ടിയുടെ തീരുമാനം.
കുറിച്യ സമുദായക്കാരനായ കേളു പട്ടികജാതി-പട്ടികവർഗ പിന്നാക്ക ക്ഷേമം സംബന്ധിച്ച നിയമസഭ സമിതിയുടെ ചെയർമാൻ കൂടിയാണ്. രണ്ടു പതിറ്റാണ്ടിലേറെയായി ജനപ്രതിനിധിയെന്ന നിലയിൽ കേളു സജീവ സാന്നിധ്യമാണ്. പി കെ ജയലക്ഷ്മിക്കു ശേഷം ആദിവാസി വിഭാഗത്തിൽ നിന്നു സംസ്ഥാന മന്ത്രിസഭയിലേക്കെത്തുന്ന ജനപ്രതിനിധിയാണ് കേളു.

