രാഹുൽ ഗാന്ധി വയനാട്ടുകാരെ വിഡ്ഢികളാക്കി; രൂക്ഷ വിമർശനവുമായി ബിജെപി

തിരുവനന്തപുരം: വയനാട് ലോക്‌സഭാ മണ്ഡലം ഒഴിയാനുള്ള രാഹുൽ ഗാന്ധിയുടെ തീരുമാനത്തിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് ബിജെപി. രാഹുൽ ഗാന്ധിയുടെ പഴയ പ്രസംഗത്തിന്റെ വീഡിയോ പങ്കുവച്ചാണ് വിഷയത്തിൽ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രന്റെ വിമർശനം. രാഹുൽ ഗാന്ധി വയനാട്ടുകാരെ വിഡ്ഢികളാക്കിയെന്നായിരുന്നു അദ്ദേഹത്തിന്റെ ‘ബൈ ബൈ, ടാറ്റ, ഗുഡ്‌ബൈ’ പ്രസംഗം പങ്കുവെച്ച് സുരേന്ദ്രൻ പരാമർശിച്ചത്.

നാണമില്ലായ്മ എന്നൊന്നുണ്ട്. എന്നാൽ കോൺഗ്രസിന്റെ നാണമില്ലായ്മ അതൊന്നു വേറെ തന്നെയെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. സ്വന്തം കുടുംബത്തിലെ ഓരോരുത്തരെയായി ഉളുപ്പില്ലാതെ വയനാട്ടിലെ വോട്ടർമാരിൽ അടിച്ചേൽപ്പിക്കുന്നത്, വല്ലാത്ത ഒരേർപ്പാടാണ്. മറ്റൊരു മണ്ഡലത്തിൽ നിന്ന് കൂടി താൻ മത്സരിക്കുമെന്ന വസ്തുത നാണമില്ലാതെ മറച്ചുവച്ചാണ് രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിച്ചതെന്നും രാഹുൽ ഗാന്ധിക്കു കീഴിൽ കോൺഗ്രസ് മൂന്നാം തവണയും തെരഞ്ഞെടുപ്പിൽ പരാജയപ്പെടാൻ കാരണവും ഇത്തരം വഞ്ചനകളാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

വയനാട്ടിൽ രാഹുൽ ഗാന്ധി പ്രിയങ്ക ഗാന്ധിയെ ബലിയാടാക്കിയെന്ന് ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ അറിയിച്ചു. രാഹുൽ നേരത്തെ അമേഠിയെ ഉപേക്ഷിച്ചയാളാണെന്നും രണ്ട് തവണ വയനാട്ടിൽ വിജയിച്ചിട്ടും റായ്ബറേലിയിൽ തുടരാനാണ് രാഹുലിന്റെ തീരുമാനമെന്നും അമിത് മാളവ്യ കൂട്ടിച്ചേർത്തു.