തിരുവനന്തപുരം: ജാതി അധിക്ഷേപ കേസിൽ കോടതിയിൽ കീഴടങ്ങി നർത്തകി സത്യഭാമ. നർത്തകൻ ആർഎൽവി രാമകൃഷ്ണനെ ജാതീയമായി അധിക്ഷേപിച്ച കേസിലാണ് സത്യഭാമ കീഴടങ്ങിയത്.
സത്യഭാമ നെടുമങ്ങാട് കോടതിയിൽ എത്തി കീഴടങ്ങുകയായിരുന്നു. സത്യഭാമയുടെ മുൻകൂർ ജാമ്യാപേക്ഷ നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു. സത്യഭാമ കീഴടങ്ങണമെന്നും കോടതി നിർദ്ദേശിച്ചിരുന്നു.
നെടുമങ്ങാട് എസ്‌സി എസ്ടി കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകുകയും ചെയ്തു. അഡ്വക്കേറ്റ് ആളൂരിനൊപ്പമാണ് സത്യഭാമ കോടതിയിൽ എത്തിയത്. യൂട്യൂബ് ചാനലിൽ നൽകിയ അഭിമുഖത്തിലാണ് കലാഭവൻ മണിയുടെ സഹോദരനും മോഹിനിയാട്ടം കലാകാരനുമായ ആർഎൽവി രാമകൃഷ്ണനെതിരെ സത്യഭാമ ജാതി അധിക്ഷേപം നടത്തിയത്. സംഭവം വിവാദമായതിന് പിന്നാലെ രാമകൃഷ്ണൻ പൊലീസിൽ പരാതി നൽകി. പട്ടികജാതി -പട്ടികവർഗ അതിക്രമം തടയൽ നിയമം പ്രകാരം ജാമ്യമില്ലാ വകുപ്പ് ചേർത്താണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
യൂട്യൂബ് പരാമർശത്തിലൂടെ തന്നെ വ്യക്തിപരമായി അപമാനിച്ചെന്നാണ് ആർഎൽവി രാമകൃഷ്ണൻ പരാതിയിൽ പറഞ്ഞിരിക്കുന്നത്.

