ന്യൂഡൽഹി: പ്രസിദ്ധ എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ അരുന്ധതി റോയിയെ വിചാരണ ചെയ്യാൻ അനുമതി. ഡൽഹി ലഫ്. ഗവർണറാണ് അനുമതി നൽകിയത്. 2010ൽ പ്രകോപനപരമായ പ്രസംഗം നടത്തിയെന്ന പരാതിയിൽ അരുന്ധതി റോയിയിക്കെതിരെ യുഎപിഎ നിയമപ്രകാരം ഡൽഹി പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഈ കേസിലാണ് ചോദ്യം ചെയ്യൽ.
2010 ഒക്ടോബർ 21ന് രാഷ്ട്രീയ തടവുകാരെ വിട്ടയക്കാൻ ആവശ്യപ്പെട്ട് സംഘടിപ്പിച്ച പരിപാടിയിൽ അരുന്ധതി റോയ് നടത്തിയ പ്രസംഗത്തിന് എതിരെയായിരുന്നു പോലീസ് കേസ്. അതേസമയം, കശ്മീർ കേന്ദ്ര സർവകലാശാല പ്രൊഫസർ ഷെയ്ഖ് ഷൗക്കത്ത് ഹുസൈനിനെ പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതിയും ലഫ്. ഗവർണർ നൽകിയിട്ടുണ്ട്. ‘ആസാദി ദ ഓൺലി വേ’ എന്ന തലക്കെട്ടിൽ കമ്മിറ്റി ഫോർ റിലീസ് ഓഫ് പൊളിറ്റിക്കൽ പ്രിസണേഴ്‌സ് സംഘടിപ്പിച്ച കോൺഫറൻസിൽ നടത്തിയ പ്രസംഗം പ്രകോപനപരമായിരുന്നുവെന്നാണ് ആരോപണം. കശ്മീരിലെ സാമൂഹ്യ പ്രവർത്തകൻ സുശിൽ പണ്ഡിറ്റാണ് ഇവർക്കെതിരെ പരാതി നൽകിയത്.

