ഇറ്റലി: ഫ്രാൻസിസ് മാർപാപ്പയുമായി കൂടിക്കാഴ്ച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ജി7 ഉച്ചകോടിക്കിടെയായിരുന്നു കൂടിക്കാഴ്ച്ച. ഉച്ചകോടിയിൽ ക്ഷണിതാക്കളുടെ സമ്മേളനത്തിനിടെയാണ് ഇരുവരും കൂടിക്കാഴ്ച്ച നടത്തിയത്. കൂടിക്കാഴ്ച്ചക്കിടെ പ്രധാനമന്ത്രി മാർപാപ്പയെ ആശ്ലേഷിച്ചു. അദ്ദേഹത്തിന്റെ കൈയ്യിൽ പിടിച്ച് കുശലാന്വേഷണവും നടത്തി.
നിർമിത ബുദ്ധിയുടെ ധാർമികതയെ കുറിച്ചുള്ള സെഷനിലാണ് ജി7 നേതാക്കളുടെ ചർച്ചയിൽ ഫ്രാൻസിസ് മാർപാപ്പ പങ്കെടുക്കുന്നത്. ജി7 ചർച്ചയിൽ ആദ്യമായാണ് ഒരു മാർപാപ്പ പങ്കെടുക്കുന്നത്. സാധാരണ ഇത്തരം വേദികളിൽ മാർപാപ്പ എത്താറില്ല.
പ്രധാനമന്ത്രി അവസാനമായി മാർപാപ്പയെ സന്ദർശിച്ചത്. 2021 ഒക്ടോബറിലാണ്. മോദിയെ കൂടാതെ യുഎസ്, യുക്രെയ്ൻ, ഫ്രാൻസ് എന്നീ രാജ്യങ്ങളിലെ നേതാക്കളുമായും മാർപാപ്പ കൂടിക്കാഴ്ച നടത്തും.
കഴിഞ്ഞ ദിവസമാണ് ജി7 ഉച്ചകോടിയിൽ പങ്കെടുക്കാൻ വേണ്ടി പ്രധാനമന്ത്രി ഇറ്റലിയിലെത്തിയത്. ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയാണ് മോദിയെ ജി7 ഉച്ചകോടിയിൽ പങ്കെടുക്കാൻ ക്ഷണിച്ചത്. ഇറ്റലിയിലെ ബോർഗോ എഗ്നാസിയ എന്ന ആഡംബര റിസോർട്ടിൽ വെച്ചാണ് ഉച്ചകോടി നടക്കുന്നത്.

