കൊച്ചി: കുവൈത്തിലെ തീപിടുത്തത്തിൽ മരണപ്പെട്ടവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു. 24 മലയാളികളുടെ മൃതദേഹമാണ് ഇന്ന് നാട്ടിലെത്തിയത്. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിച്ച മൃതദേഹങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ, മന്ത്രിമാർ, മറ്റ് ജനപ്രതിനിധികൾ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി അന്തിമോപചാരം അർപ്പിച്ചു.
കനത്ത ഹൃദയവേദനയോടെയാണ് മൃതദേഹങ്ങൾ ഏറ്റുവാങ്ങിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ദുരന്തത്തിന്റെ ദുഃഖവും നടുക്കവും വിട്ടുമാറാത്ത ബന്ധുമിത്രാദികൾ പ്രിയപ്പെട്ടവരുടെ വിയോഗത്തിൽ വിങ്ങിപ്പൊട്ടുന്ന കാഴ്ച ഏവരുടെയും കണ്ണുനനയിക്കുന്നതായിരുന്നു. നമ്മുടെ നാട് ഒറ്റക്കെട്ടായി ദുഃഖത്തിൽ പങ്കുചേരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
വെള്ളിയാഴ്ച രാവിലെ 10.32 നാണ് തീപിടുത്തത്തിൽ മരിച്ച 45 ഇന്ത്യക്കാരുടെയും മൃതദേഹവുമായി വ്യോമസേന വിമാനം എത്തിയച്. ഇതിൽ 23 മലയാളികൾ, ഏഴ് തമിഴ്നാട്ടുകാർ, ഒരു കർണാടക സ്വദേശി എന്നിങ്ങനെ 31 പേരുടെ മൃതദേഹമാണ് കൊച്ചിയിൽ ഇറക്കിയത്. തുടർന്ന് വിമാനം ഡൽഹിയിലേക്ക് പോകും. മരിച്ച കൊല്ലം കരുനാഗപ്പള്ളി സ്വദേശി ഡെന്നി ബേബി മുംബൈയിൽ സ്ഥിരതാമസക്കാരനാണ്. അദ്ദേഹത്തിന്റെ മൃതദേഹം മുംബൈയിലാണ് സംസ്കരിക്കുക.
നടപടി ക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്രമന്ത്രി സുരേഷ് ഗോപിയും പ്രതിപക്ഷനേതാവ് വി ഡി സതീശനുമടക്കമുള്ളവർ ഏറ്റുവാങ്ങി. മരിച്ച 23 മലയാളികളുടെയും മൃതദേഹങ്ങൾ അവരവരുടെ നാട്ടിലെത്തിക്കാനായി 23 ആംബുലൻസുകൾ വിമാനത്താവളത്തിൽ തയ്യാറാക്കിയിരുന്നു.

