കൊച്ചി: ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് കുവൈത്തിലേക്ക് പോകാൻ കേന്ദ്ര സർക്കാർ അനുമതി നിഷേധിച്ചതിനെതിരെ രംഗത്തെത്തി ആരോഗ്യമന്ത്രി വീണാ ജോർജ്. വിമാന ടിക്കറ്റ് ഉൾപ്പടെ വെച്ചായിരുന്നു യാത്രയ്ക്കായി കേന്ദ്രത്തിന് അപേക്ഷ നൽകിയതെന്നും ഒരു ദുരന്തമുഖത്ത് കേരളത്തോട് ഇത് വേണ്ടിയിരുന്നില്ലെന്നും വീണാ ജോർജ് അറിയിച്ചു.
ഇടപെടലുകൾ നടത്തി കേന്ദ്രസർക്കാരിന്റെ ശ്രദ്ധയിൽ അക്കാര്യങ്ങൾ കൊണ്ടുവരുന്നതിനാണ് പ്രതിനിധിയെ അയക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത്. സർക്കാരിന്റെ പ്രതിനിധി അവിടെയുണ്ടാകുമ്പോൾ തീർച്ചയായും അതിന്റെ ഗുണം നമ്മുടെ ആളുകൾക്ക് ഉണ്ടാകുമായിരുന്നുവെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് പോകാൻ തീരുമാനിച്ചത്. മരിച്ച ഇന്ത്യക്കാരിൽ പകുതിയിലധികവും കേരളത്തിൽ നിന്നുള്ളവരാണ്. പരിക്കേറ്റ് ചികിത്സയിലുള്ളവരിൽ കൂടുതലും മലയാളികളാണ്. അതുകൊണ്ടാണ് അവർക്കൊപ്പം നിൽക്കാനും ആവശ്യമായ ക്രമീകരണങ്ങൾ ചെയ്യാനും പോകാൻ നിശ്ചയിച്ചത്. എന്നാൽ, അനുമതി നൽകാത്ത സാഹചര്യമുണ്ടായി. മനുഷ്യന്റെ കണ്ണീരിലും ദുഃഖത്തിലും ഇങ്ങനെയൊരു നിലപാട് സ്വീകരിക്കുമെന്ന് മാനുഷികമായി ചിന്തിക്കാനും മനസ്സിലാക്കാനും കഴിയാത്ത കാര്യമാണെന്നും വീണാ ജോർജ് പറഞ്ഞു.

