ന്യൂഡൽഹി: പെട്രോളിയം, ടൂറിസം വകുപ്പുകളുടെ സഹമന്ത്രിയായി ചുമതലയേറ്റ് സുരേഷ് ഗോപി. ശാസ്ത്രിഭവനിലെ പെട്രോളിയം മന്ത്രാലയത്തിലെത്തിയാണ് സുരേഷ് ഗോപി ചുമതലയേറ്റെടുത്തത്. പെട്രോളിയം, പ്രകൃതിവാക മന്ത്രി ഹർദീപ് സിങ് പുരി സുരേഷ് ഗോപിയെ സ്വീകരിച്ചു. വകുപ്പ് സെക്രട്ടറിമാരും ചടങ്ങിൽ പങ്കെടുത്തിരുന്നു. അപ്രതീക്ഷിതമായി കിട്ടിയ വകുപ്പാണ് പെട്രോളിയം വകുപ്പെന്നും ഭാരിച്ച ഉത്തരവാദിത്വമാണെന്നും സുരേഷ് ഗോപി വ്യക്തമാക്കി. പഠിച്ച് വേണ്ടതുപോലെ പ്രവർത്തിക്കുമെന്നും അദ്ദേഹം അറിയിച്ചു.
കൊല്ലം തീരത്തെ എണ്ണഖനന സാധ്യത പരിശോധിക്കും. ടൂറിസത്തിൽ പുതിയ പടവുകൾ സൃഷ്ടിക്കും. ആരാധിക്കപ്പെടുന്ന രീതിയിലേക്ക് ഇന്ത്യൻ ടൂറിസത്തെ മാറ്റിയെടുക്കും. ലോകത്തിനായുള്ള ഒരു ദേശീയ പാക്കേജാണ് ലക്ഷ്യം. വിശദമായി പഠിച്ച് ഉചിതമായി പ്രവർത്തിക്കും. സുപ്രധാന ചുമതലയാണ് പ്രധാനമന്ത്രി തന്നെ ഏൽപ്പിച്ചത്. ജനങ്ങൾക്ക് ഉപകാരപ്രദമാകുന്ന തരത്തിൽ പെട്രോളിയം മന്ത്രാലയത്തിൽ പ്രവർത്തിക്കുമെന്നും അദ്ദേഹം വിശദീകരിച്ചു.
വലിയ ചുമതലയാണ് ഏറ്റെടുക്കുന്നതെന്ന് തനിക്കറിയാം. ആ മിനിസ്ട്രിയെ സംബന്ധിച്ച് താൻ പൂജ്യത്തിൽ നിന്ന് തുടങ്ങണം. അതെല്ലാം പഠിച്ച ശേഷം പ്രധാനമന്ത്രി നിയോഗിക്കുന്ന പാനലിൽ നിന്നും കാര്യങ്ങൾ മനസിലാക്കിയ ശേഷം വേണം തുടങ്ങാൻ. തനിക്ക് ശരിക്കും യുകെജിയിൽ കയറിയ അനുഭവമാണ്. പെട്രോളിന്റെ വില കുറയണമെങ്കിൽ ആവശ്യമായ സോഴ്സ് ഉണ്ടാവണം. കാവേരി തീരത്തും പിന്നെ കൊല്ലത്ത് അങ്ങനെയൊരു സാദ്ധ്യതയുണ്ടെന്ന് കേട്ട്കേൾവിയുണ്ട്. മലയാളിയായ ഒരു മന്ത്രിയാണ് ഈ മുറിയിൽ ഇരിക്കുന്നത്. കൊല്ലത്തെ കാര്യം പരിശോധിച്ച് മുന്നോട്ട് പോകാൻ കഴിയുമെങ്കിൽ അത് തീർച്ചയായും ചെയ്യും. പ്രധാനമന്ത്രിയുമായി ചർച്ച ചെയ്ത് കേരളത്തെ ഇന്ത്യൻ ടൂറിസത്തിന്റെ തിലകക്കുറിയാക്കും. അടുത്ത വർഷം അപകടരഹിതമായും പൂരപ്രേമികളുടെ ഇഷ്ടത്തിനുമനുസരിച്ചുള്ള തൃശൂർ പൂരമാകും നടക്കുക. അതിനു വേണ്ടിയാണ് ജനങ്ങൾ എന്നെ ജയിപ്പിച്ച് ഇങ്ങോട്ടേക്ക് വിട്ടതെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.

