ചൈനയ്ക്ക് തിരിച്ചടി; ബംഗ്ലാദേശിലെ മോംഗ്ല തുറമുഖം ഏറ്റെടുക്കാനുള്ള നീക്കവുമായി ഇന്ത്യ

ന്യൂഡൽഹി: ബംഗ്ലാദേശിലെ മോംഗ്ല തുറമുഖം ഏറ്റെടുക്കാനുള്ള നീക്കവുമായി ഇന്ത്യ. തുറമുഖത്തിന്റെ നടത്തിപ്പിനും വികസനത്തിനും പങ്കാളിയാകാനുള്ള താത്പര്യം ഇന്ത്യ ഔദ്യോഗികമായി ബംഗ്ലാദേശ് അധികൃതരെ അറിയിച്ചു. ഇറാനിലെ ചബഹാർ തുറമുഖം ഏറ്റെടുത്തതിന് പിന്നാലെയാണ് കേന്ദ്രസർക്കാർ ഇതുസംബന്ധിച്ച നീക്കങ്ങൾ നടത്തുന്നത്.

അതേസമയം, നരേന്ദ്രമോദി സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഇന്ത്യയിലെത്തുന്നുണ്ട്. ഇതിനിടെയാണ് ഈ വിഷയം വീണ്ടും ചർച്ചയാകുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഷെയ്ഖ് ഹസീന നടത്തുന്ന കൂടിക്കാഴ്ച്ചയിൽ ഇക്കാര്യം ചർച്ച ചെയ്യുമെന്നാണ് വിവരം.

ദൗത്യം വിജയിച്ചാൽ ഇറാനിലെ ചബഹാർ തുറമുഖത്തിനും മ്യാൻമറിലെ സിറ്റ്വെയ്ക്കും ശേഷം ഇന്ത്യ ഏറ്റെടുക്കുന്ന മൂന്നാമത്തെ അന്താരാഷ്ട്ര തുറമുഖമായിരിക്കും ഇത്. ഇന്ത്യൻ മഹാസമുദ്രത്തിന്റെ നിയന്ത്രണം ലക്ഷ്യമിട്ട് മോംഗ്ല സ്വന്തമാക്കാൻ കാലങ്ങളായി ചൈന ശ്രമംനടത്തുന്നുണ്ട്. എന്നാൽ ഇക്കാര്യത്തിൽ ബംഗ്ലാദേശിന്റെ ഭാഗത്ത് നിന്നും അനുകൂല സമീപനം ഉണ്ടായിട്ടില്ല.