പുതുതായി ഒരുങ്ങുന്ന അമൽ നീരദ് ചിത്രത്തിന്റെ വിശേഷങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ പരിചയപ്പെടുത്തി കൊണ്ടുള്ള ക്യാരക്ടർ പോസ്റ്ററുകൾ കഴിഞ്ഞ ദിവസംഅമൽ നീരദ് പങ്കുവെച്ചിരുന്നു. ഇതിന്റെ ഓരോ അപ്‌ഡേറ്റിനും മികച്ച സ്വീകരണമാണ് ലഭിക്കുന്നത്.
ഇപ്പോൾ അമൽ നീരദ് ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചിരിക്കുകയാണ്. ‘ബോഗയ്ൻവില്ല’ എന്നാണ് ചിത്രത്തിന് നൽകിയിരിക്കുന്ന പേര്. ഇതുവരെ പ്രഖ്യാപിച്ച താരങ്ങളുടെ ചിത്രത്തിനൊപ്പമാണ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്ത് വിട്ടിരിക്കുന്നത്. ആക്ഷൻ ചിത്രമാണിതെന്നാണ് പോസ്റ്ററിൽ നിന്നും മനസിലാക്കാൻ കഴിയുന്നത്.
ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ, ജ്യോതിർമയി, ഷറഫുദീൻ, വീണ നന്ദകുമാർ, ശ്രിന്ദ എന്നിവരാണ്. പതിനൊന്നു വർഷങ്ങൾക്ക് ശേഷമാണ് ജ്യോതിർമയി മലയാള സിനിമയിലേക്ക് തിരിച്ചു വരവ് നടത്തുന്നത്. അമൽ നീരദ് പ്രൊഡക്ഷൻസും ഉദയാ പിക്‌ചേഴ്‌സും സംയുക്തമായാണ് ചിത്രം നിർമിക്കുന്നത്.

