കൊൽക്കത്ത: മൂന്നാം എൻഡിഎ സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കുമോയെന്നതിൽ നിലപാട് വ്യക്തമാക്കി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കില്ലെന്ന് മമത ബാനർജി പറഞ്ഞു. കൊൽക്കത്തയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയായിരുന്നു മമത ബാനർജിയുടെ പ്രതികരണം.
തനിക്ക് ക്ഷണം ലഭിച്ചിട്ടില്ലെന്നും പോകില്ലെന്നും നരേന്ദ്രമോദി സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കുമോയെന്ന ചോദ്യത്തിന് മമത മറുപടി നൽകി. ഭരണഘടനാവിരുദ്ധമായി പ്രവർത്തിക്കുന്ന ഒരു പാർട്ടി സർക്കാർ ഉണ്ടാക്കുമ്പോൾ ആശംസകൾ നേരാൻ തനിക്കാവില്ല. രാജ്യത്തിനാണ് തന്റെ ആശംസയെന്നും മമത വ്യക്തമാക്കി.
പാർട്ടിയെ ശക്തിപ്പെടുത്താൻ താൻ എംപിമാരോട് ആവശ്യപ്പെട്ടു. തങ്ങൾ നിങ്ങളുടെ പാർട്ടിയെ പിളർത്തില്ല, എന്നാൽ നിങ്ങളുടെ പാർട്ടിക്കുള്ളിൽ നിന്ന് തന്നെ വിഭജനമുണ്ടാകും. നിങ്ങളുടെ പാർട്ടിയിലുള്ളവർ തൃപ്തരല്ലെന്ന മമത ബിജെപിക്ക് നൽകുന്ന മുന്നറിയിപ്പ്. ഇന്ത്യാ മുന്നണി ഇന്ന് സർക്കാർ രൂപവത്കരണത്തിന് അവകാശമുന്നയിക്കില്ല. അതിനർഥം നാളെയങ്ങനെ ചെയ്യില്ല എന്നല്ല. രാജ്യത്തിന് മാറ്റം ആവശ്യമുണ്ട്. ഈ ജനവിധി മാറ്റത്തിനുള്ളതാണ്, മോദിക്കെതിരാണ്. അതുകൊണ്ട് മോദി പ്രധാനമന്ത്രിയാവാൻ പാടില്ലെന്നും മമത അഭിപ്രായപ്പെട്ടു.

