തിരുവനന്തപുരം: ഇത്തവണത്തെ ലോക്സഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് മിന്നുന്ന പ്രകടനമാണ് കാഴ്ച്ചവെച്ചത്. 20 ലോക്സഭാ സീറ്റുകളിൽ നടന്ന മത്സരങ്ങളിൽ 18 എണ്ണത്തിലും വിജയിക്കാൻ യുഡിഎഫിന് കഴിഞ്ഞു. ഇതിൽ പല സ്ഥാനാർത്ഥികളും വിജയിച്ചിരിക്കുന്നത് വലിയ ഭൂരിപക്ഷത്തിലാണ്. പത്ത് സീറ്റുകളിൽ വിജയിച്ച യുഡിഎഫ് സ്ഥാനാർത്ഥികൾക്ക് ഒരു ലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷവും ലഭിച്ചു.
ഈ തെരഞ്ഞെടുപ്പിൽ ഏറെ ചർച്ചയായ മണ്ഡലമായിരുന്നു വടകര. 1,14,506 വോട്ടിന്റെ ചരിത്രജയവമാണ് ഇത്തവണ വടകരയിൽ യുഡിഎഫിന്റെ ഷാഫി പറമ്പിൽ നേടിയത്. കോഴിക്കോട് മത്സരിച്ച എം കെ രാഘവൻ 1,46,176 വോട്ടിന്റെ ഭൂരിപക്ഷം നേടിയാണ് വിജയിച്ചത്.
1,08,982 വോട്ട് ഭൂരിപക്ഷത്തിലാണ് സിപിഎമ്മിലെ എം വി ജയരാജനെ കണ്ണൂരിൽ സുധാകരൻ പരാജയപ്പെടുത്തിയത്. മലപ്പുറത്ത് ഇ ടി മുഹമ്മദ് ബഷീർ 300118-ന്റെ ചരിത്ര ഭൂരിപക്ഷം നേടി വിജയിച്ചു. പൊന്നാനിയിൽ അബ്ദുസ്സമദ് സമദാനി 235760-ന്റെ വൻ ഭൂരിപക്ഷത്തോടെ വിജയം സ്വന്തമാക്കി.
കൊല്ലത്ത് എൻ കെ പ്രേമചന്ദ്രൻ 1,50,302 വോട്ടിന്റെ വൻ ഭൂരിപക്ഷത്തിൽ വിജയത്തിലേക്ക് നടന്നു കയറി. 1,33,727 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു ഡീൻ കുര്യാക്കോസിന്റെ വിജയം. എറണാകുളത്ത് ഹൈബി ഈഡൻ 2,50385 വോട്ടുകളുടെ ഭൂരിപക്ഷത്തിലും കാസർഗോഡ് രാജ്മോഹൻ ഉണ്ണിത്താൻ 100649 വോട്ടുകളുടെ ഭൂരിപക്ഷത്തിലും വിജയിച്ചു. വയനാട്ടിൽ രാഹുൽ ഗാന്ധി 364422 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്.