ബിജെപിയിൽ ചേരാനുള്ള തന്റെ തീരുമാനം തെറ്റിയില്ല; മുരളീധരന് മുന്നറിയിപ്പ് നൽകിയിരുന്നുവെന്ന് പദ്മജ വേണുഗോപാൽ

തൃശ്ശൂർ: തൃശൂരിലെ ബിജെപിയുടെ വിജയത്തിൽ പ്രതികരണവുമായി പദ്മജ വേണുഗോപാൽ. ബിജെപിയിൽ ചേരാനുള്ള തന്റെ തീരുമാനം തെറ്റിയില്ലെന്ന് പദ്മജ പറഞ്ഞു. തൃശ്ശൂരിൽ രാഷ്ട്രീയം പഠിച്ചാൽ എവിടെയും പ്രവർത്തിക്കാം എന്ന് അച്ഛൻ പറഞ്ഞിട്ടുണ്ട്. തൃശ്ശൂരിലെ ജനങ്ങൾ ബുദ്ധി ഇല്ലാത്തവർ അല്ല. തൃശ്ശൂരിലെ കോൺഗ്രസിലെ എല്ലാവരും മോശം ആളുകൾ അല്ല. നല്ല ആളുകളുടെ കൈയ്യിൽ അധികാരം ഇല്ല. കോൺഗ്രസിൽ അധികാരം കൊക്കാസിന്റെ കൈയ്യിലാണെന്നും പദ്മജ വ്യക്തമാക്കി.

തൃശ്ശൂരിലെ വീട്ടിൽ നിന്നും പൊട്ടിക്കരഞ്ഞാണ് ഇറങ്ങിപ്പോയത്. കെ മുരളീധരന് മുന്നറിയിപ്പ് നൽകിയിരുന്നു. നല്ല ബുദ്ധിയും വിവരവും ഉള്ള ആളാണ് മുരളിധരൻ. രാഷ്ട്രീയമായി രണ്ട് ചേരിയിൽ ആണെങ്കിലും സ്‌നേഹത്തിന് ഒരു കുറവും ഇല്ല. മാന്യമായ തോൽവി അല്ല മുരളീധരന്റേതെന്നും അതിൽ വേദന ഉണ്ടെന്നും പദ്മജ അറിയിച്ചു.

തൃശ്ശൂരിൽ ആരാണ് അദ്ദേഹത്തെ കുഴിയിൽ ചാടിച്ചത് എന്ന് അദ്ദേഹം പറയണം. അത് ആരാണെന്നു ഡിസിസി ഓഫിസിന്റെ മതിൽ എഴുതി വെച്ചിട്ടുണ്ട്. തന്നെ പരാജയപ്പെടുത്തിയവർ തന്നെ ആണ് സഹോദരൻ മുരളിയേയും തോൽപ്പിച്ചത്. ബിജെപിയെക്കുറിച്ച് കേട്ടതല്ല വന്നപ്പോൾ അറിഞ്ഞത്. തെറ്റിദ്ധാരണ ആയിരുന്നു കൂടുതൽ. കോൺഗ്രസ് പറഞ്ഞു ഭയപ്പെടുത്തിയതാണ്. വർഗീയത പറയുന്നത് കോൺഗ്രസ് ആണ്. കേരളത്തിൽ ഇനിയും താമര വിരിയുമെന്നും പദ്മജ വേണുഗോപാൽ കൂട്ടിച്ചേർത്തു.