ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട് ബിജെപിയുടെ 14 കേന്ദ്രമന്ത്രിമാർ. സ്മൃതി ഇറാനിയും അർജുൻ മുണ്ടയും വി മുരളീധരനും ഉൾപ്പെടെയുള്ള കേന്ദ്രമന്ത്രിമാർ ഇത്തവണ പരാജയത്തിന്റെ രുചിയറിഞ്ഞു. അമേഠിയിൽ സ്മൃതി ഇറാനി പരാജയപ്പെട്ടത് ബിജെപിയ്ക്ക് വലിയ ക്ഷീണമായിരിക്കുകയാണ്. കേന്ദ്ര ഇലക്ട്രോണിക് – ഐ.ടി സഹമന്ത്രി രാജീവ് ചന്ദ്രശേഖറും കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരനും കേരളത്തിൽ വലിയ പ്രതീക്ഷയോടെ മത്സരിക്കാനിറങ്ങിയെങ്കിലും വിജയിക്കാൻ കഴിഞ്ഞില്ല.
തിരുവനന്തപുരത്ത് കോൺഗ്രസ് നേതാവ് ശശി തരൂരിനോട് 16,000-ത്തിലേറെ വോട്ടുകൾക്കാണ് രാജീവ് ചന്ദ്രശേഖർ പരാജയപ്പെട്ടത്. അമേഠിയിൽ കോൺഗ്രസിന്റെ കിഷോരി ലാൽ ശർമയോട് 1,67,196 വോട്ടുകൾക്കാണ് സ്മൃതി ഇറാനിയ്ക്ക് പരാജയപ്പെടേണ്ടി വന്നത്. ആറ്റിങ്ങലിൽ വി മുരളീധരനും പരാജയപ്പെട്ടു.
കർഷക സമരത്തിനിടെ നടന്ന ലംഖിംപുർ ഖേരി സംഭവത്തിന്റെ പേരിൽ, ജനരോഷം നേരിടേണ്ടിവന്ന കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്ര സമാജ്വാദി പാർട്ടിയിലെ ഉത്കർഷ് വർമയോടാണ് പരാജയപ്പെട്ടു. കേന്ദ്ര സർക്കാർ കൊണ്ടുവന്ന കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിച്ച കർഷകർക്കിടയിലേക്ക് അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രയുടേതെന്ന് പറയപ്പെടുന്ന വാഹനം ഇടിച്ചുവീഴ്ത്തിയതിനെ ത്തുടർന്നുണ്ടായ സംഘർഷത്തിൽ എട്ടുപേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. ഇതുമായി ബന്ധപ്പെട്ട കേസിൽ അജയ് മിശ്രയുടെ മകൻ ആശിഷ് പ്രതിയാണ്. കടുത്ത ജനരോഷം അവഗണിച്ചാണ് അജയ് മിശ്രയെ ലഖിംപുർ ഖേരിയിൽതന്നെ ബിജെപി മത്സരിപ്പിച്ചത്. ഇതി തിരിച്ചടിയാകുകയും ചെയ്തു.
കേന്ദ്രമന്ത്രി അർജുൻ മുണ്ട പരാജയപ്പെട്ടത് കോൺഗ്രസ് സ്ഥാനാർഥി കാളിചരൺ മുണ്ടയോടായിരുന്നു. ഒന്നര ലക്ഷത്തോളം വോട്ടുകൾക്കായിരുന്നു തോൽവി. കൈലാഷ് ചൗധരി (ബാർമർ), സുഭാസ് സർക്കാർ (ബങ്കുര), എൽ. മുരുഗൻ (നീലഗിരി), നിസിത് പ്രമാണിക് (കൂച്ച് ബഹാർ), സഞ്ജീവ് ബല്യാൺ (മുസാഫർനഗർ), മഹേന്ദ്രനാഥ് പാണ്ഡെ(ചന്ദൗലി), കൗശൽ കിഷോർ (മോഹൻലാൽ ഗഞ്ച്), ഭഗ്വന്ത് ഖൂബ (ബിദാർ), രാജ് കപിൽ പാട്ടീൽ (ഭിവാൺഡി) തുടങ്ങിയവരാണ് ലോക്സഭാ തെരഞ്ഞെടുപ്പിൽ തോൽവി ഏറ്റുവാങ്ങേണ്ടി വന്ന മറ്റ് കേന്ദ്രമന്ത്രിമാർ.