തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ജയിക്കുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച് കോൺഗ്രസ് നേതാവ് ശശി തരൂർ. ജയിക്കാൻ വേണ്ടിയാണ് മത്സരിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഏപ്രിൽ 26ന് വോട്ടെടുപ്പ് കഴിഞ്ഞ് പാറശാല വരെ സഞ്ചരിച്ച് എല്ലായിടത്തും എത്തി ആളുകളുടെ അഭിപ്രായം കേട്ടിരുന്നു. എക്‌സിറ്റ് പോളുകൾ വരുന്നത് എവിടെ നിന്നാണെന്ന് തനിക്കറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ആരുടെ എക്‌സിറ്റ് പോളിലും വിശ്വാസമില്ല. ആരെ കണ്ടു, എന്തു ചോദിച്ചു എന്നൊന്നും ആർക്കും അറിയില്ല. പാർട്ടിയിൽ പ്രശ്‌നങ്ങളുണ്ടെന്ന് സ്ഥിരമായി കേൾക്കുന്നതാണ്. നാലു തവണ മത്സരിച്ചു. മൂന്നു തവണ ജയിച്ചു. മൂന്നു തവണയും പാർട്ടിയിലെ പ്രശ്‌നങ്ങളെക്കുറിച്ച് പ്രചാരണം ഉണ്ടായിരുന്നു. ചില കാര്യങ്ങൾ മെച്ചപ്പെടുത്താനുണ്ടെന്നു സമ്മതിക്കുന്നു. എക്‌സിറ്റ് പോൾ എന്നത് പുതിയൊരു വോട്ടല്ലല്ലോ. 26-ാം തീയ്യതി നടന്ന ജനങ്ങളുടെ തീരുമാനത്തിൽ തങ്ങൾക്ക് നല്ല പ്രതീക്ഷയുണ്ട്. എക്‌സിറ്റ് പോൾ എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് അറിയില്ല. മലികാർജുൻ ഖാർഗെ പ്രഖ്യാപിച്ചതുപോലെ ഇന്ത്യ മുന്നണി 295 സീറ്റുകൾ നേടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി നേതൃത്വം നൽകുന്ന സർക്കാർ വൻ ഭൂരിപക്ഷത്തിൽ വീണ്ടും അധികാരത്തിലെത്തുമെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി. എല്ലാ എക്സിറ്റ് പോളുകളും ഈ വിജയം പ്രവചിച്ചു കഴിഞ്ഞു. ദക്ഷിണേന്ത്യയിലും ഇതുവരെയില്ലാത്ത മുന്നേറ്റം ബിജെപിയുണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.