ന്യൂഡൽഹി: സത്യപ്രതിജ്ഞ ചടങ്ങിനുള്ള ഒരുക്കം തുടങ്ങി എൻഡിഎ. എക്സസിറ്റ് പോളുകൾ അനുകൂലമായ സാഹചര്യത്തിലാണ് നടപടി. സത്യപ്രതിജ്ഞ ചടങ്ങ് രാഷ്ട്രപതി ഭവന് പുറത്തുനടത്താൻ ആലോചിച്ചെങ്കിലും ഡൽഹിയിലെ കാലാവസ്ഥ ഉൾപ്പടെ കണക്കിലെടുത്ത് ചടങ്ങ് രാഷ്ട്രപതി ഭവനിൽ വെച്ച് നടത്തിയാൽ മതിയെന്നാണ് ഇപ്പോഴുള്ള ധാരണയെന്നാണ് വിവരം. ജൂൺ 9 ന് വൈകിട്ട് സത്യപ്രതിജ്ഞ ചടങ്ങ് നടത്താൻ ആണ് ഇപ്പോഴത്തെ ആലോചന. സത്യപ്രതിജ്ഞാചടങ്ങിന്റെ അന്നുതന്നെ ഭാരത് മണ്ഡപത്തിലോ, കർത്തവ്യ പഥത്തിലോ ബിജെപിയുടെ ആഘോഷ പരിപാടികൾ നടത്തുമെന്നും റിപ്പോർട്ടുകളുണ്ട്.
ഇന്ത്യയുടെ സാംസ്‌കാരിക പൈതൃകം വിളിച്ചോതുന്ന ലൈറ്റ് ആൻഡ് സൗണ്ട് ഷോ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വിദേശ സർക്കാർ പ്രതിനിധികൾ അടക്കം, 10,000 ത്തോളം അതിഥികൾ ചടങ്ങിൽ പങ്കെടുക്കുമെന്നും ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മെയ് 28 ന് രാഷ്ട്രപതി ഭവൻ സെക്രട്ടേറിയറ്റ് രാഷ്ട്രപതി ഭവൻ അലങ്കരിക്കുന്നത് ആവശ്യമായ പുഷ്പങ്ങളും ചെടികളും സപ്ലൈ ചെയ്യുന്നതിനുള്ള ടെണ്ടർ ക്ഷണിച്ചിരുന്നു. ഏകദേശം 21.97 ലക്ഷം രൂപയുടെ പുഷ്പങ്ങളും ചെടികളും ആണ് അലങ്കാരത്തിന് ആവശ്യമായി വരുന്നത്.
ആവശ്യമായ പുഷ്പങ്ങളും, ചെടികളും നൽകുന്നതിന് അഞ്ച് ദിവസം ആണ് കരാറുകാരന് ലഭിക്കുക.