കേരളത്തിന്റെ മണ്ണെണ്ണ വിഹിതം വെട്ടിക്കുറച്ച് കേന്ദ്രം

തിരുവനന്തപുരം: കേരളത്തിന്റെ മണ്ണെണ്ണ വിഹിതം പതിവിലുമേറെ കേന്ദ്രം വെട്ടിക്കുറച്ചു. റേഷൻ മണ്ണെണ്ണ കൃത്യസമയത്ത് ഉപയോഗിക്കാതെ കേരളം പാഴാക്കിയതിനാലാണ് നടപടി. 2023 ഡിസംബറിൽ അനുവദിച്ച വിഹിതമാണ് യഥാസമയം ഏറ്റെടുത്ത് വിതരണം ചെയ്യുന്നതിൽ സംസ്ഥാനം വീഴ്ചവരുത്തിയത്.

ഇപ്പോൾ ലഭിച്ച മണ്ണെണ്ണ മുൻഗണനാ വിഭാഗത്തിലെ മഞ്ഞ, പിങ്ക് കാർഡ് ഉടമകൾക്ക് 3 മാസത്തിലൊരിക്കൽ കാൽ ലീറ്റർ വീതം നൽകാനേ തികയൂ. മഞ്ഞ കാർഡുകൾക്ക് ഒരു ലിറ്ററും പിങ്ക് കാർഡുകൾക്ക് അര ലിറ്ററുമാണ് ലഭിച്ചിരുന്നത്. വിഹിതം കുറഞ്ഞതോടെ മണ്ണെണ്ണ വിതരണത്തിനെടുക്കാൻ കഴിയില്ലെന്ന് കാണിച്ച് റേഷൻ കടയുടമകളുടെ സംഘടനകൾ പൊതുവിതരണ വകുപ്പിന് കത്തുനൽകി.

കുറഞ്ഞ വിഹിതമെടുക്കുമ്പോഴും കൈകാര്യച്ചെലവ് കുറയാത്തതാണ് വ്യാപാരികളുടെ എതിർപ്പിനു പ്രധാന കാരണം. ഏപ്രിൽ മുതൽ ജൂൺ വരെയുള്ള കാലയളവിലെ വിഹിതത്തിൽ 1164 കിലോലിറ്ററിന്റെ (11.64 ലക്ഷം ലിറ്റർ) കുറവാണ് വരുത്തിയതെന്നു കേന്ദ്ര പെട്രോളിയം മന്ത്രാലയം സംസ്ഥാന ഭക്ഷ്യപൊതുവിതരണ വകുപ്പിന് അയച്ച കത്തിൽ വ്യക്തമാക്കി.