യാത്രക്കാരെ പേടിപ്പിക്കുന്ന തരത്തിലുള്ള ഡ്രൈവിങ്ങ് വേണ്ട; കെഎസ്ആർടിസി ഡ്രൈവർമാർക്ക് നിർദ്ദേശവുമായി മന്ത്രി

തിരുവനന്തപുരം: കെഎസ്ആർടിസി ഡ്രൈവർമാർക്ക് നിർദ്ദേശവുമായി ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. യാത്രക്കാരെ പേടിപ്പിക്കുന്ന തരത്തിലുള്ള ഡ്രൈവിങ്ങ് വേണ്ടെന്ന് അദ്ദേഹം പറഞ്ഞു. സ്വകാര്യ ബസ്സുകളുമായും ഇരുചക്ര വാഹനങ്ങളുമായുള്ള മത്സരം ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഓവർ സ്പീഡ് ചെയ്യാതെയും വളരെ ശ്രദ്ധയോടും വാഹനം ഓടിച്ചാലും കൃത്യമായ സമയത്ത് ലക്ഷ്യസ്ഥാനത്ത് എത്താൻ സാധിക്കും. നമ്മുടെ റോഡുകളുടെ പരിമിതികൾ മനസിലാക്കി കൊണ്ട് ചെറിയ വാഹനങ്ങൾ വരുമ്പോൾ അവരെ പോകാൻ അനുവദിക്കുക. സ്‌കൂട്ടറിലും ബൈക്കുകളിലും കാറുകളിലും മറ്റും നമ്മുടെ വാഹനം ഇടിച്ചാൽ നമുക്ക് ഒന്നും സംഭവിക്കില്ല. എന്നാൽ, അവരോട് ഒരു മത്സരത്തിന് നിൽക്കേണ്ട കാര്യമില്ല. ബൈക്കുകളും മറ്റും വന്ന് നമ്മുടെ ബസിന് മുന്നിൽ നിന്ന് അഭ്യാസം കാണിക്കുന്ന ചിലരുണ്ട്. അവരോട് ഒരു മത്സരത്തിന് നിൽക്കാതിരിക്കുക. നിങ്ങൾ പക്വതയോടെ മാത്രം പെരുമാറാൻ ശ്രദ്ധിക്കണം. സ്വകാര്യ ബസ്സുകളുമായുള്ള മത്സരവും വേണ്ടെന്ന് വെക്കണമെന്നും അദ്ദേഹം അറിയിച്ചു.

മത്സരയോട്ടത്തിന് ചിലപ്പോൾ ഇരയാകേണ്ടി വരുന്നത് റോഡരികിൽ നിൽക്കുന്ന ഏതെങ്കിലും നിഷ്‌കളങ്കനായിരിക്കുമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. യാത്രക്കാർ യജമാനന്മാരാണെന്നും അവരോട് മര്യാദയോടെ പെരുമാറണമെന്ന് കഴിഞ്ഞ ദിവസം കെഎസ്ആർടിസി കണ്ടക്ടർമാർക്ക് മന്ത്രി നിർദ്ദേശം നൽകിയിരുന്നു. യാത്രക്കാരന്റെ കൂടെയുള്ളത് സഹോദരിയാണോ ഭാര്യയാണോ ലവറാണോ എന്നൊന്നും ചോദിക്കേണ്ട. സ്ത്രീക്കും പുരുഷനും ഒന്നിച്ചു യാത്രചെയ്യാം. അവരുടെ റിലേഷൻ അറിയേണ്ട കാര്യമില്ല. നമ്മുടെയാവശ്യം യാത്രക്കാർ ബസിൽ കയറുകയെന്നതാണ്. ഭിന്നശേഷിക്കാരെയും വൃദ്ധരെയും കുഞ്ഞുങ്ങളെയും വണ്ടിയിൽ കയറ്റാതെ ബെല്ലടിക്കരുതെന്നും അദ്ദേഹം നിർദ്ദേശിച്ചിരുന്നു.