ഉത്തരേന്ത്യയിൽ കൊടുംചൂട്; 50 ൽ അധികം പേർ മരണപ്പെട്ടു

മിർസാപുർ: ഉത്തരേന്ത്യയിലെ കൊടുംചൂടിൽ വലഞ്ഞ് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ. ഉത്തർപ്രദേശിലും ബിഹാറിലുമായി 16 പേരാണ് വെള്ളിയാഴ്ച മാത്രം മരണപ്പെട്ടത്. കനത്ത ചൂടിനെ തുടർന്ന് ഉത്തർപ്രദേശിലെ മിർസാപുരിൽ തിരഞ്ഞെടുപ്പ് സുരക്ഷാ ജോലിക്കെത്തിയ 6 സുരക്ഷാ ഉദ്യോഗസ്ഥർ മരണപ്പെട്ടു.

ഇന്ന് മിർസാപുരിൽ തിരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. ബിഹാറിൽ സൂര്യാഘാതമേറ്റു മരിച്ച 18 പേരിൽ 10 പേർ തിരഞ്ഞെടുപ്പു ചുമതലയുള്ള ഉദ്യോഗസ്ഥരായിരുന്നു. 23 സൈനികരെയാണ് ആശുപത്രിയിലെത്തിച്ചത്. ഇതിൽ 6 പേർ മരിച്ചു. 2 പേരുടെ നില ഗുരുതരമാണെന്നും കണക്കുകൾ വ്യക്തമാക്കുന്നു.

മരിച്ചവർക്ക് ഉയർന്ന പനിയുണ്ടായിരുന്നു. ഇവരുടെ രക്തസമ്മർദവും രക്തത്തിലെ പഞ്ചസാരയുടെ അളവും വളരെ ഉയർന്ന തോതിലായിരുന്നു. കുഴഞ്ഞുവീണെന്നു പറഞ്ഞാണ് ഉദ്യോഗസ്ഥരെ ഇവിടെ എത്തിച്ചതെന്നാണ് ആശുപത്രി വൃത്തങ്ങൾ വ്യക്തമാക്കുന്നത്.

ബിഹാറിലെ റോഹ്താസിൽ 11 പേരും ഭോജ്പുരിൽ 6 പേരും ബക്‌സറിൽ ഒരാളും സൂര്യാഘാതമേറ്റ് മരിച്ചു.