ഇടിമിന്നലേറ്റ് ഏഴുപേർക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം

rain

കോഴിക്കോട്: സംസ്ഥാനത്ത് ഇടിമിന്നലേറ്റ് ഏഴുപേർക്ക് പരിക്ക്. കോഴിക്കോട് സൗത്ത് കടപ്പുറത്താണ് സംഭവം. പരിക്കേറ്റതിൽ ഒരാളുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. മത്സ്യത്തൊഴിലാളികൾക്കാണ് മിന്നലേറ്റത്. ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു അപകടം ഉണ്ടായത്. വള്ളം അടുപ്പിക്കുകയും മീൻപിടിത്തവുമായി ബന്ധപ്പെട്ട മറ്റ് ജോലികളിലും ഏർപ്പെട്ടിരിക്കുകയായിരുന്ന തൊഴിലാളികൾക്കാണ് മിന്നലേറ്റത്.

പ്രദേശവാസികളായ അഷ്റഫ്, അനിൽ, ഷെരീഫ്, മനാഫ്, സുബൈർ, സലീം, അബ്ദുൾ ലത്തീഫ് എന്നിവർക്കാണ് മിന്നലേറ്റത്. ഇവരെ ഉടൻതന്നെ ബീച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റയാളെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് അധികൃതർ വ്യക്തമാക്കി.

അതേസമയം, കൊല്ലത്ത് ഇടിമിന്നലേറ്റ് സെക്യൂരിറ്റി ജീവനരക്കാരൻ മരിച്ചു. കൊല്ലം കിഴക്കേകല്ലട ഓണമ്പലത്ത് കശുവണ്ടി ഫാക്ടറിയിലെ സെക്യൂരിറ്റിയായ അടൂർ മണ്ണടി സ്വദേശി തുളസീധരൻപിള്ള ( 65 )ആണ് മിന്നലേറ്റ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട് 3.45 ഓടെ ഓണമ്പലം സെന്റ് മേരീസ് കാഷ്യൂ ഫാക്ടറിയിൽ നിന്നും ചായ കുടിക്കാൻ പുറത്തിറങ്ങിയതായിരുന്നു തുളസീധരൻ പിള്ള. ഇതിനിടെയാണ് ഇദ്ദേഹത്തിന് ശക്തമായ മിന്നലേറ്റത്.