കൊച്ചി: സിഎംആർഎൽ-എക്സാലോജിക് സൊലൂഷൻസ് മാസപ്പടി ഇടപാടിൽ അന്വേഷണം ആവശ്യപ്പെട്ട് ഷോൺ ജോർജ് നൽകിയ ഹർജികളിലെ നടപടികൾ അവസാനിപ്പിച്ച് ഹൈക്കോടതി. എക്സാലോജിക് സൊലൂഷൻസ് കമ്പനിയുടെ പേരിൽ അബുദാബി കമേഷ്യൽ ബാങ്കിലുള്ള അക്കൗണ്ട് സംബന്ധിച്ച് അന്വേഷണം വേണമെന്ന ഉപഹർജിയിലെ നടപടി ഉൾപ്പെടെ അവസാനിപ്പിച്ചു.
എസ്എഫ്ഐഒ അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തിൽ ഉപഹർജിയിൽ ഇടപെടാൻ കോടതി തയ്യാറായില്ല. അന്വേഷണം അവസാനിച്ച ശേഷം പരാതിയുണ്ടെങ്കിൽ വീണ്ടും ഹർജിയുമായി കോടതിയെ സമീപിക്കാമെന്ന് കോടതി അറിയിച്ചു. അതേസമയം, എസ്എഫ്ഐഒ അന്വേഷണത്തിനെതിരായ കെഎസ്ഐഡിസിയുടെ ഹർജിയിൽ കോടതി ജൂലൈ 15 ന് വിശദമായ വാദം കേൾക്കും.
ഹർജിയിൽ അധിക സത്യവാങ്മൂലം നൽകാനുണ്ടെന്ന് എസ്എഫ്ഐഒ വ്യക്തമാക്കി. ഈ ഹർജിയിൽ കക്ഷിചേരാൻ ഷോൺ ജോർജ് അപേക്ഷ നൽകി. അടുത്ത തവണ ഹർജി പരിഗണിക്കുമ്പോൾ ഈഅപേക്ഷയിൽ കോടതി തീരുമാനം സ്വീകരിക്കും.

