ശിവകുമാർ തന്റെ മുൻ സ്റ്റാഫ്; നിയമം അതിന്റെ വഴിക്ക് പോകട്ടെയെന്ന് ശശി തരൂർ

ന്യൂഡൽഹി: സ്വർണക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ് ശിവകുമാർ പ്രസാദിനെ കസ്റ്റഡിയിലെടുത്ത സംഭവത്തിൽ പ്രതികരണവുമായി ശശി തരൂർ എം പി. ശിവകുമാർ തന്റെ മുൻ സ്റ്റാഫാണെന്ന് അദ്ദേഹം പറഞ്ഞു. എക്‌സ് പേജിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. 72കാരനും വൃക്കരോഗിയുമായ ശിവകുമാറിനെ താൽക്കാലികമായി തന്റെ സ്റ്റാഫായി തുടരാൻ അനുവദിച്ചിരുന്നു. നിയമം അതിന്റെ വഴിക്ക് പോകട്ടെയെന്നും ശശി തരൂർ അറിയിച്ചു.

വിവരം അറിയുന്നത് ധർമശാലയിലെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടെയാണ്. വിമാനത്താവളത്തിൽ പിടിയിലായവരിൽ തന്റെ മുൻ സ്റ്റാഫും ഇപ്പോൾ താൽക്കാലികമായി തന്റെ സ്റ്റാഫായി തുടരുന്ന ആളും ഉണ്ടെന്ന് കേട്ടപ്പോൾ താൻ ഞെട്ടിപ്പോയി. 72കാരനും വൃക്കരോഗിയുമായ അദ്ദേഹത്തെ മനുഷിക പരിഗണന വച്ചാണ് വിരമിച്ചിട്ടും താൽക്കാലിക സ്റ്റാഫായി നിലനിർത്തിയത്. തെറ്റായ പ്രവൃത്തിയെ ഒരിക്കലും ന്യായീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ആവശ്യമായ എന്ത് നടപടിയും അധികാരികൾക്ക് സ്വീകരിക്കാം. അധികൃതർക്ക് തന്റെ പൂർണ പിന്തുണയുണ്ടാകും. നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.