മുല്ലപ്പെരിയാർ വിഷയം; തമിഴ്‌നാട് സർക്കാരിന്റെ സമ്മർദ്ദം വിജയിച്ചു

ന്യൂഡൽഹി: മുല്ലപ്പെരിയാർ വിഷയത്തിൽ വീണ്ടും തമിഴ്നാട് സർക്കാറിന് നേട്ടം. വിഷയത്തിൽ തമിഴ്‌നാട് സർക്കാരിന്റെ സമ്മർദ്ദം വിജയിച്ചു. മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമ്മിക്കാനുള്ള പരിസ്ഥിതി ആഘാത പഠനത്തിന് അനുമതി തേടിയ കേരളത്തിന്റെ നിലപാടിന്റെ കടയ്ക്കൽ കത്തിവെച്ചുള്ള ഇടപെടലാണ് തമിഴ്നാട് സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായത്. തമിഴ്‌നാടിന്റെ നീക്കത്തോടെ ചൊവ്വാഴ്ച ചേരാനിരുന്ന പരിസ്ഥിതി മന്ത്രാലയത്തിന്റെ എക്‌സ്പർട്ട് അപ്രൈസൽ കമ്മിറ്റി യോഗം മാറ്റിവെച്ചു.

പുതിയ അണക്കെട്ടി നിർമ്മിക്കാൻ പാരിസ്ഥിതിക അനുമതി നൽകരുതെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് കത്തയച്ചതോടെയാണ് നടപടി. തിങ്കളാഴ്ച ഉച്ചയോടെയാണ് യോഗം മാറ്റിവെച്ചതായി അറിയിപ്പു ലഭിച്ചത്. എന്നാൽ, ഇതറിയാതെ യോഗത്തിൽ പങ്കെടുക്കാൻ വേണ്ടി കേരള സർക്കാരിന്റെ ജലസേചനവകുപ്പിന് കീഴിലെ രൂപകല്പന, ഗവേഷണ വിഭാഗം ചീഫ് എൻജിനിയർ പ്രിയേഷ്, ഡയറക്ടർ ശ്രീദേവി എന്നിവർ ഡൽഹിയിലെത്തിയിരുന്നു.

മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമ്മിക്കാനുള്ള കേരള സർക്കാരിന്റെ ഏത് നീക്കവും അനുവദിക്കരുതെന്നും അങ്ങനെ ചെയ്യുന്നത് സുപ്രീംകോടതി വിധിക്കെതിരാവുമെന്നും കത്തിൽ സ്റ്റാലിൻ വ്യക്തമാക്കിയിരുന്നത്.

ബ്രിട്ടീഷുകാരുടെ കാലത്താണ് ഇപ്പോഴുള്ള മുല്ലപ്പെരിയാർ അണക്കെട്ട് നിർമ്മിച്ചത്. മുല്ലപ്പെരിയാറിന്റെ സുരക്ഷ സംബന്ധിച്ച് ഓരോ വശങ്ങളും പരിശോധിച്ച് സുപ്രീം കോടതിയുടെ മേൽനോട്ടത്തിൽ വിദഗ്ദ സമിതി ഉറപ്പുവരുത്തിയിട്ടുണ്ടെന്നും കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

പുതിയ അണക്കെട്ടിന് വേണ്ടിയുള്ള കേരള സർക്കാരിന്റെ അഭ്യർഥനയിന്മേൽ പഠനത്തിന് വേണ്ടിയുള്ള അനുമതി നൽകുകയാണെങ്കിൽ അത് സുപ്രീം കോടതി വിധിയ്ക്ക് എതിരാകും. ഇതിനെതിരേ ശക്തമായ നിയമനടപടികളുമായി തങ്ങൾ മുന്നോട്ടുപോകുമെന്നും സ്റ്റാലിൻ കൂട്ടിച്ചേർത്തു.