മലപ്പുറം: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം ജൂൺ നാലിന് നടക്കാനിരിക്കെ വിജയ പ്രതീക്ഷയിലാണ് ഇന്ത്യ മുന്നണി. മുന്നണിയിലെ ഭൂരിഭാഗം കക്ഷികളും ഈ പ്രതീക്ഷയിലാണ്. മുസ്ലിം ലീഗിനും ഈ പ്രതീക്ഷയുണ്ട്. ഇന്ത്യാ മുന്നണി അധികാരത്തിൽ എത്തിയാൽ ലീഗിന് മന്ത്രിസ്ഥാനം അടക്കം ലഭിക്കാനുൾപ്പെടെയുള്ള സാധ്യതകളുണ്ട്. ഈ സാഹചര്യം മുന്നിൽ കണ്ടാണ് രാജ്യസഭാ സ്ഥാനാർത്ഥി നിർണയം സംബന്ധിച്ച ചർച്ചകൾ നടക്കുന്നത്.
അതേസമയം, പി കെ കുഞ്ഞാലിക്കുട്ടി രാജ്യസഭയിലേക്ക് പോകുമെന്ന സൂചനകൾ നേരത്തെ പുറത്തു വന്നു. എന്നാൽ, അദ്ദേഹം തന്നെ ഈ വാർത്തകൾ നിഷേധിച്ച് രംഗത്തെത്തിയിരുന്നു. രാജ്യസഭയിലേക്ക് മത്സരിക്കാനില്ലെന്നും തനിക്കിവിടെ ആവശ്യത്തിന് പണിയുണ്ടെന്നുമായിരുന്നു പി കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കിയത്. ആര് മത്സരിക്കുമെന്ന് പാണക്കാട് സാദിഖലി തങ്ങൾ പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
താൻ മത്സരിക്കില്ലെന്ന കാര്യം പ്രസ്താവിക്കാനുള്ള അനുമതി തങ്ങൾ നൽകിയിട്ടുണ്ട്. ആര് മത്സരിക്കുമെന്ന കാര്യം തങ്ങൾ തീരുമാനിച്ച് പറയുമെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു.
പി കെ കുഞ്ഞാലിക്കുട്ടി രാജ്യസഭയിലേക്ക് മത്സരിക്കില്ലെന്ന് സാദിഖലി തങ്ങളും അറിയിച്ചു. അദ്ദേഹം ഇപ്പോൾ കേരളത്തിലാണ് പ്രവർത്തിക്കുന്നത്. യുഡിഎഫിനെ അധികാരത്തിലെത്തിക്കുക എന്നതാണ് ലീഗിന്റെ പ്രധാന ദൗത്യം. കുഞ്ഞാലിക്കുട്ടിക്ക് നിയസഭയിൽ ഇനിയും കാലാവധിയുള്ളതിനാൽ ഇപ്പോൾ രാജ്യസഭയിലേക്ക് മത്സരിക്കേണ്ടതില്ലെന്നും തങ്ങൾ വ്യക്തമാക്കി.

