ഇടുക്കി: പാബ്ല, കല്ലാർകുട്ടി ഡാമുകളുടെ വൃഷ്ടിപ്രദേശങ്ങളിൽ അതിശക്തമായ മഴയുള്ളതിനാലും നീരൊഴുക്ക് കൂടിയതിനാലും ഡാമിന്റെ ഷട്ടറുകൾ തുറന്നു. ജില്ലയിൽ ഓറഞ്ച് അലോട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ കൂടിയാണ് നടപടി. ഈ രണ്ട് ഡാമുകളിലെ ജലനിരപ്പ് ക്രമീകരിക്കുന്നത്തിന്റെ ഭാഗമായി ഇന്ന് രാവിലെ 6 മണി മുതൽ ഈ ഡാമുകളിലെ ഷട്ടറുകൾ തുറന്ന് യഥാക്രമം 600 ക്യൂമെക്‌സ്, 300 ക്യൂമെക്‌സ് വെള്ളം പുറത്തേക്ക് വിടുന്നതിനാണ് ജില്ലാ കളക്ടർ അനുമതി നൽകിയത്.
മുതിരപ്പുഴയാർ, പെരിയാർ നദീതീരങ്ങളിൽ ഉള്ളവർ ജാഗ്രത പാലിക്കേണ്ടതാണെന്നാണ് നിർദ്ദേശം. അതേസമയം, തെക്കൻ കേരളത്തിന് മുകളിൽ ചക്രവാത ചുഴി നിലനിൽക്കുന്നു. ഇതിന്റെ ഫലമായി കേരളത്തിൽ അടുത്ത അഞ്ച് ദിവസം ഇടി / മിന്നൽ / കാറ്റ് ( 30 -40 km/hr.) കൂടിയ മിതമായ / ഇടത്തരം മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം.
ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മെയ് 25 മുതൽ 27 വരെ ശക്തമായ മഴക്ക് സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ് മുന്നറിയിപ്പുമുണ്ട്. മധ്യകിഴക്കൻ ബംഗാൾ ഉൾക്കടലിലെ തീവ്ര ന്യുന മർദ്ദം അതിതീവ്ര ന്യുനമർദ്ദമായി ശക്തി പ്രാപിച്ചു . അടുത്ത 12 മണിക്കൂറിനുള്ളിൽ വീണ്ടും ശക്തി പ്രാപിച്ചു ചുഴലിക്കാറ്റായി മാറാൻ സാധ്യത. തുടർന്ന് മെയ് 26 രാവിലെയോടെ വീണ്ടും ശക്തി പ്രാപിച്ചു തീവ്രചുഴലിക്കാറ്റായി (severe cyclonic storm) മാറി അർധരാത്രിയോടെ ബംഗ്ലാദേശ്-സമീപ പശ്ചിമ ബംഗാൾ-തീരത്ത് സാഗർ ദ്വീപിനും ഖെപ്പുപാറക്കും ഇടയിൽ കരയിൽ പ്രവേശിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി.

