തമിഴ്നാട്ടിൽ പിക്സൽ സ്മാർട്ട്ഫോണുകൾ നിർമിക്കാൻ ഗൂഗിൾ: എം കെ സ്റ്റാലിനുമായി ചർച്ച നടത്തും

ചെന്നൈ: തമിഴ്നാട്ടിൽ പിക്സൽ സ്മാർട്ട് ഫോണുകൾ നിർമ്മിക്കാനുള്ള നീക്കവുമായി ഗൂഗിൾ. കഴിഞ്ഞദിവസം സംസ്ഥാന വ്യവസായ മന്ത്രി ടി ആർ ബി രാജ ഗൂഗിൾ സംഘവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അമേരിക്കയിൽ വെച്ച് ആയിരുന്നു കൂടികാഴ്ച്ച. ഈ കൂടികാഴ്ചയിലാണ് ഇത് സംബന്ധിച്ച ധാരണയായത്.

ചർച്ചയിലെ തുടർ നടപടികളുടെ ഭാഗമായി വൈകാതെ ഗൂഗിൾ സംഘം തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തും. ഇതിന് ശേഷം ആയിരിക്കും തമിഴ്നാട്ടിൽ പിക്സൽ സ്മാർട്ട്ഫോൺ നിർമിക്കാനുള്ള ധാരണ പത്രത്തിൽ ഒപ്പുവെക്കുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.

അതേസമയം ചെന്നൈയിൽ ഗൂഗിൾ ഡ്രോണുകളും നിർമ്മിക്കും എന്ന വാർത്തകൾ പുറത്തുവരുന്നുണ്ട്. ഇന്ത്യയിൽ പിക്സൽ സ്മാർട്ട് ഫോണുകൾ നിർമ്മിക്കുമെന്ന് കഴിഞ്ഞവർഷം തന്നെ ഗൂഗിൾ അറിയിച്ചിരുന്നു. മേക്ക്‌ ഇൻ ഇന്ത്യ പദ്ധതിയുടെ ഭാഗമായാണ് പിക്സലിന്റെ നിർമ്മാണം ഇന്ത്യയിൽ ആരംഭിക്കുന്നതെന്നായിരുന്നു ഗൂഗിൾ അറിയിച്ചത്.