ന്യൂഡൽഹി: നിരോധിത ഭീകര സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ എട്ടു പ്രവർത്തകരുടെ ജാമ്യം സുപ്രീംകോടതി റദ്ദാക്കി. മദ്രാസ് ഹൈക്കോടതി അനുവദിച്ച ജാമ്യമാണ് സുപ്രീം കോടതി റദ്ദാക്കിയത്. ജസ്റ്റിസുമാരായ ബേല എം ത്രിവേദി, പങ്കജ് മിത്തൽ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നടപടി.
രാജ്യ സുരക്ഷയ്ക്കാണ് പ്രധാന്യം നൽകുന്നതെന്നും ഭീകരപ്രവർത്തനങ്ങൾ നിയന്ത്രിക്കാൻ ബാധ്യതയുണ്ടെന്നും കോടതി വ്യക്തമാക്കി. യുഎപിഎ വകുപ്പ് പ്രകാരമാണ് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ ജയിലിൽ കഴിഞ്ഞിരുന്നത്. എൻഐഎയാണ് മദ്രാസ് ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ നൽകിയത്.
പിഎഫ്ഐ പ്രവർത്തകർക്ക് 2023 ഓക്ടോബർ 19നാണ് മദ്രാസ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്താൻ ഫണ്ട് ശേഖരിച്ചുവെന്ന ആരോപണം പ്രഥമദൃഷ്ട്യാ ശരിയാണെന്ന് കോടതി അറിയിച്ചു. വിചാരണ വേഗത്തിൽ നടത്താനും പ്രതികളോട് എൻ.ഐ.എ മുമ്പാകെ കീഴടങ്ങണമെന്നും കോടതി ആവശ്യപ്പെട്ടു.

