തിരുവനന്തപുരം: സോളാർ കേസുമായി ബന്ധപ്പെട്ട് സിപിഎം നടത്തിയ സെക്രട്ടേറിയറ്റ് വളയൽ സമരം ഒത്തുതീർപ്പാക്കാൻ ജോൺ ബ്രിട്ടാസ് ഇടപെട്ടുവെന്ന മുതിർന്ന മാധ്യമപ്രവർത്തകനായ ജോൺ മുണ്ടക്കയത്തിന്റെ വെളിപ്പെടുത്തലിൽ പ്രതികരണവുമായി ചെറിയാൻ ഫിലിപ്പ്. വി എസ് അച്യുതാനന്ദന്റെ പിടിവാശിയ്ക്ക് വഴങ്ങിയാണ് എൽഡിഎഫ് സോളാർ സമരം പ്രഖ്യാപിച്ചത്. ഒത്തുതീർപ്പ് സാധ്യത ആരാഞ്ഞ് തിരുവഞ്ചൂരാണ് തന്നെ വിളിച്ചതെന്നും അദ്ദേഹം അറിയിച്ചു.
തിരുവഞ്ചൂർ രാധാകൃഷ്ണനുമായി ആത്മബന്ധമുള്ളതിനാൽ അദ്ദേഹം ആഭ്യന്തരമന്ത്രിയായിരുന്നപ്പോൾ അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയിൽ പോകുകയും ഭക്ഷണം കഴിക്കുകയും ചെയ്യുമായിരുന്നു. ആ ദിവസങ്ങളിൽ അവിചാരിതമായാണ് അദ്ദേഹത്തിന്റെ ക്ഷണപ്രകാരം താൻ അവിടെ പോകുന്നത്. സോളാർ സമരത്തിന്റെ രണ്ട് ദിവസം മുമ്പ് താൻ വീട്ടിൽ ചെന്നപ്പോളാണ് അദ്ദേഹം സോളാറുമായി ബന്ധപ്പെട്ട വിഷയം സംസാരിക്കുന്നത്. അതെല്ലാം ശ്രദ്ധാപൂർവം കേട്ടു. ആഭ്യന്തരമന്ത്രിക്ക് മുഖ്യമന്ത്രിയെ രക്ഷിക്കണമെന്ന് സ്വാഭാവികമായും ആഗ്രഹമുണ്ടായാൽ കുറ്റപ്പെടുത്താനാകില്ല. മുഖ്യമന്ത്രിയെ ന്യായീകരിച്ചുകൊണ്ടാണ് അദ്ദേഹം സംസാരിച്ചത്. സമരം പ്രായോഗികമല്ലെന്ന ആശങ്ക സി.പി.എം നേതാക്കൾക്കുമുണ്ടായിരുന്നു. വി.എസ്. അച്യുതാനന്ദന്റെ പിടിവാശിയ്ക്ക് വഴങ്ങിയാണ് എൽ.ഡി.എഫ് അങ്ങിനെയൊരു അപ്രായോഗിക സമരം പ്രഖ്യാപിച്ചത്. രണ്ട് മുന്നണികളും ഒരു പ്രതിസന്ധി നേരിടുകയായിരുന്നു. ആ സമരം നടന്നാൽ വലിയ പ്രശ്‌നങ്ങളുണ്ടായി തലസ്ഥാന നഗരി ഒരു കുരുതിക്കളമായിത്തീരുമോ എന്ന ആശങ്കയാണ് തിരുവഞ്ചൂർ പ്രകടപ്പിച്ചത്. എന്നാൽ, സമരത്തിനായി വരുന്ന ആളുകൾ എവിടെ താമസിക്കും ഇവരുടെ പ്രാഥമിക സൗകര്യങ്ങൾക്ക് എന്തുചെയ്യും എന്നിങ്ങനെയായിരുന്നു ചർച്ച. ഈ സമയത്താണ് അവിചാരിതമായി തിരുവഞ്ചൂരുമായി ചർച്ച നടത്തുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തിരുവഞ്ചൂരിന്റെ വീട്ടിൽ നിന്നും നേരെ കൈരളിയിലേക്കാണ് ഞാൻ പോയത്. കുറേ നേരം കഴിഞ്ഞപ്പോൾ തിരുവഞ്ചൂർ എന്നെ ഫോണിലേക്ക് വിളിച്ചു ഒത്തുതീർപ്പിന് എന്താണ് മാർഗമെന്ന് ആരാഞ്ഞു. മറുവശത്തും ഇതേ ആഗ്രഹമുള്ളതായി അദ്ദേഹത്തോടും പറഞ്ഞു. ഈ സമയത്ത് ജോൺ ബ്രിട്ടാസിന്റെ മുറിയിലായിരുന്നു താൻ. തിരുവഞ്ചൂരും ബ്രിട്ടാസും തമ്മിലുള്ള ഫോൺ വിളിക്ക് താനാണ് സന്ദർഭം ഒരുക്കിയത്. ഒടുവിൽ, തങ്ങൾ നടത്തിയ ആലോചനയ്ക്ക് ശേഷം വൈകീട്ട് താനും ബ്രിട്ടാസും ഒരുമിച്ചാണ് തിരുവഞ്ചൂരിന്റെ വീട്ടിലേക്ക് പോയത്. അന്ന് തങ്ങളെ അലട്ടിയ പ്രശ്‌നം സമരം മുന്നോട്ട് പോയാൽ ആര് രക്ഷപ്പെടും ആര് ശിക്ഷിക്കപ്പെടും എന്നതല്ല. ഇത്രയും ആളുകൾ കൂട്ടത്തോടെ വന്നാൽ പാർട്ടി പ്രവർത്തകരെ നിയന്ത്രിക്കാൻ നേതാക്കൾക്കും കഴിയില്ല. പോലീസിനേയും നിയന്ത്രിക്കാനാവില്ല. കലാപകലുഷിതമായ അന്തരീക്ഷത്തിൽ തിരുവനന്തപുരത്ത് ഉണ്ടാകാൻ സാധ്യതയുള്ള ദുരന്തത്തെക്കുറിച്ചുള്ള ആശങ്കയാണ് തങ്ങൾ പങ്കുവച്ചതെന്നും ചെറിയാൻ ഫിലിപ്പ് പറഞ്ഞു.
ഈ വിഷയം സ്വാഭാവികമായും തിരുവഞ്ചൂർ ഉമ്മൻ ചാണ്ടിയോട് സംസാരിച്ചിട്ടുണ്ടാകും. പിണറായിയോടും കോടിയേരിയോടും ജോൺ ബ്രിട്ടാസും കാര്യങ്ങൾ വ്യക്തമാക്കിയിരുന്നു. അന്ന് സമരം ഒത്തുതീർപ്പാക്കേണ്ടത് കേരളത്തിന്റെ ആവശ്യമായിരുന്നു. സമരം ഉപേക്ഷിച്ചതിൽ ഏറ്റവും സന്തുഷ്ടരായത് സിപിഎം അണികളായിരുന്നു. വലിയ ദുരന്തം ഒഴിവായ സന്തോഷമായിരുന്നു അവർക്ക്. കേരള ജനതയെ സംബന്ധിച്ചും ഇത് ആശ്വാസകരമായിരുന്നു. എന്നാൽ, ഇക്കാര്യം കേസുമായി ബന്ധപ്പെട്ട അന്വേഷണത്തെ ഒന്നും ബാധിച്ചില്ലെന്നും അദ്ദേഹം അറിയിച്ചു.

