തിരുവനന്തപുരം: മിൽമ തിരുവനന്തപുരം യൂണിയന് കീഴിൽ തൊഴിലാളികൾ നടത്തിവന്ന സമരം പിൻവലിച്ചു. സമരത്തിൽ നിന്ന് എല്ലാ യൂണിയനുകളും പിന്മാറി. മിൽമ പ്ലാന്റുകൾ ഇനി സാധാരണ നിലയിൽ പ്രവർത്തിക്കും. ഇന്ന് ബോർഡ് യോഗം ചേർന്ന് തൊഴിലാളികളുടെ ആവശ്യത്തിൽ തീരുമാനമെടുക്കും. ജീവനക്കാരുടെ സ്ഥാനക്കയറ്റത്തിന് നിശ്ചയിച്ച യോഗ്യത പിൻവലിക്കണം എന്നാവശ്യപ്പെട്ടാണ് മിന്നൽ പണിമുടക്ക് നടന്നത്.
സമരത്തിൽ നിന്ന് പിന്മാറിയതിന് പിന്നാലെ കഴിഞ്ഞ ദിവസത്തെ മൂന്നാമത്തെ ഷിഫ്റ്റിൽ ജോലിക്ക് കയറാൻ തൊഴിലാളികളോട് യൂണിയൻ നേതാക്കൾ ആവശ്യപ്പെട്ടു. ഉയർന്ന ഉദ്യോഗസ്ഥർക്ക് മാത്രം പ്രമോഷൻ നൽകുന്നുവെന്ന് ആരോപിച്ചാണ് ഐഎൻടിയുസി-സിഐടിയു യൂണിയനുകൾ മിന്നൽ പണിമുടക്ക് നടത്തിയത്.
സമരം നടന്നത് തിരുവനന്തപുരം കൊല്ലം, പത്തനംതിട്ട ആലപ്പുഴ ജില്ലകളിലാണ്. സമരത്തിന് നേതൃത്വം നൽകിയിരുന്നത് സിഐടിയുവും ഐഎൻടിയുസിയുമാണ്. ക്ഷീര സംഘങ്ങളിലുള്ള പാലുകൾ പ്ലാന്റ്ുകളിൽ സ്വീകരിക്കുന്നുണ്ടെങ്കിലും കഴിഞ്ഞ ദിവസം രാവിലെ മുതൽ വിതരണം സ്തംഭിച്ചിരുന്നു.
താഴെത്തട്ടിലെ ജീവനക്കാരെ ഒഴിവാക്കി ഉദ്യോഗസ്ഥർക്ക് മാത്രം പ്രമോഷൻ നൽകാനുള്ള നീക്കത്തിനു പിന്നിൽ ചെയർമാൻ മണി വിശ്വനാഥാണെന്നായിരുന്നു സിഐടിയുവിന്റെ ആരോപണം.

