ന്യൂഡൽഹി: ‘മോദിയുടെ ഗ്യാരണ്ടി’ക്ക് പകരം ഗ്യാരണ്ടിയുമായി ഡൽഹി മുഖ്യമന്ത്രിയും ആംആദ്മി നേതാവുമായ അരവിന്ദ് കെജ്രിവാൾ. മോദി ഇതുവരെ ചെയ്യുമെന്ന് പറഞ്ഞ ഒന്നും ചെയ്തില്ലെന്നും ഏത് ഗ്യാരണ്ടി വിശ്വാസത്തിലെടുക്കണമെന്ന് ജനങ്ങൾക്ക് തീരുമാനിക്കാമെന്നും കെജ്രിവാൾ.വ്യക്തമാക്കി. 15 ലക്ഷം രൂപ അക്കൗണ്ടിൽ നൽകുമെന്ന് പറഞ്ഞത് നടന്നില്ല. മോദിയുടെ ഒരു ഗ്യാരണ്ടിയും നടന്നിട്ടില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
അടുത്ത വർഷം മോദി വിരമിക്കും. മോദി റിട്ടയർ ചെയ്താൽ ആര് ഗ്യാരണ്ടി നടപ്പാക്കുമെന്ന് അദ്ദേഹം ചോദിക്കുന്നു. 10 ഗ്യാരണ്ടികളാണ് അരവിന്ദ് കെജ്രിവാൾ മുന്നോട്ടുവെയ്ക്കുന്നത്. വിലക്കയറ്റം പിടിച്ചുനിർത്തും, രാജ്യത്ത് എല്ലാവർക്കും വൈദ്യുതിയെത്തിക്കും, എല്ലാവർക്കും മികച്ച ചികിത്സ ഉറപ്പാക്കും, രാഷ്ട്ര സുരക്ഷ ഉറപ്പാക്കും, ചൈന കടന്നു കയറിയ ഭൂമി തിരിച്ചുപിടിക്കും, സൈന്യത്തിന് പൂർണ സ്വാതന്ത്ര്യം നൽകും, അഗ്നിവീർ പദ്ധതി നിർത്തലാക്കും, നിലവിൽ പദ്ധതിയിൽ ചേർന്നവരെ സ്ഥിരപ്പെടുത്തും, കർഷകർക്ക് താങ്ങ് വിലയ്ക്ക് നിയമസാധുത നൽകും തുടങ്ങിയ ഗ്യാരണ്ടികളാണ് കെജ്രിവാൾ നൽകിയിരിക്കുന്നത്.
ഒരു വർഷത്തിനകം 2 കോടി ജോലി അവസരങ്ങൾ, ബിജെപിയുടെ വാഷിങ് മെഷീൻ ഇല്ലാതാക്കും, അഴിമതി കേസിൽ കൃത്യമായ അന്വേഷണം നടത്തി നടപടികളെടുക്കും, വ്യാപാരികൾക്ക് അനുകൂല വ്യവസ്ഥ നിർമ്മിക്കും, ചുവപ്പ് നാട ഒഴിവാക്കും എന്നിവയാണ് കെജ്രിവാളിന്റെ മറ്റ് ഗ്യാരണ്ടികൾ.

