ഓൺലൈൻ തട്ടിപ്പിന് ഇരയായോ; പരാതി നൽകാൻ ചെയ്യേണ്ടത് ഇത്രമാത്രം

തിരുവനന്തപുരം: സ്പാം ഇമെയിലുകളിലൂടെയും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയുമെല്ലാം പരസ്യം ചെയ്യുന്ന ചില നിക്ഷേപ അവസരങ്ങൾ നമ്മൾ കാണാറില്ലേ. നിക്ഷേപ/വ്യാപാര സ്‌കീമുകളിൽ ചേരുന്നത് വഴി ഉയർന്ന വരുമാനം ലഭിക്കുമെന്ന് വാഗ്ദാനം ചെയ്യുകയും, എന്നാൽ നിക്ഷേപകരുടെ ഫണ്ടുകൾ പൂർണ്ണമായും കൈക്കലാക്കി അവരെ വഞ്ചിക്കുകയും ചെയ്യുന്ന തട്ടിപ്പുകൾ ഒരുപാട് റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ഇവയ്‌ക്കെതിരെ മുന്നറിയിപ്പ് നൽകി രംഗത്തെത്തിയിരിക്കുകയാണ് അധികൃതർ.

ഓഹരികൾ വ്യാപാരം ചെയ്യുന്നതിനും വൻ ലാഭം നേടുന്നതിനുമായി തട്ടിപ്പുകാർ വാട്‌സാപ്പിലൂടെയും ടെലിഗ്രാമിലൂടെയുമെല്ലാം നൽകുന്ന ട്രേഡിംഗ് ആപ്ലിക്കേഷനുകൾ കഴിവതും ഡൗൺലോഡ് ചെയ്യാതിരിക്കുക. കൂടാതെ ഓൺലൈൻ പ്ലാറ്റുഫോമുകളിൽ നിക്ഷേപം നടത്തുന്നതിന് മുമ്പ് കമ്പനി പോളിസികൾ സൂക്ഷ്മതയോടെ വായിക്കുകയും വേണം. സൈബർ തട്ടിപ്പുകൾ അല്ലെങ്കിൽ സൈബർ കുറ്റകൃത്യങ്ങൾക്ക് നിങ്ങൾ ഇരയായിട്ടുണ്ടെങ്കിൽ 1930 എന്ന സൈബർ-ക്രൈം ഹെൽപ്പ്ലൈൻ നമ്പറിൽ വിളിച്ചറിയിക്കുകയോ www.cybercrime.gov.in എന്ന വെബ്സൈറ്റിലോ റിപ്പോർട്ട് ചെയ്യുക.