ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി പൊതു സംവാദത്തിന് തയ്യാറാണെന്ന് വ്യക്തമാക്കി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. സുപ്രീംകോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് മദൻ ബി ലോകൂർ, ഡൽഹി ഹൈക്കോടതിയിൽ നിന്ന് വിരമിച്ച ജസ്റ്റിസ് എ.പി. ഷാ മുതിർന്ന മാധ്യമപ്രവർത്തകൻ എൻ. റാം എന്നിവർ ചേർന്ന് നേരത്തെ ഇരുവരേയും നേരത്തെ പൊതുസംവാദത്തിന് ക്ഷണിച്ചിരുന്നു. ഈ സംവാദത്തിന് സമ്മതമാണെന്നാണ് രാഹുൽ ഇപ്പോൾ അറിയിച്ചിരിക്കുന്നത്. എക്‌സ് പ്ലാറ്റ് ഫോമിലൂടെയാണ് രാഹുൽ ഗാന്ധി ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
സംവാദത്തിനായുള്ള ക്ഷണക്കത്തിന് മറുപടിയായി ഔദ്യോഗിക ലെറ്റൽപാഡിൽ സമ്മതം അറിയിച്ചുകൊണ്ടുള്ള മറുപടിക്കത്ത് അദ്ദേഹം എക്സ് പ്ലാറ്റ് ഫോമിൽ പോസ്റ്റു ചെയ്തു. ഇക്കാര്യത്തിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുമായി ചർച്ച നടത്തിയെന്നും മികച്ച പിന്തുണയാണ് അദ്ദേഹത്തിൽ നിന്നും ലഭിച്ചതെന്നും രാഹുൽ അറിയിച്ചു.
തിരഞ്ഞെടുപ്പിൽ പ്രധാന പാർട്ടികൾ മത്സരിക്കുമ്പോൾ തങ്ങളുടെ നേതാക്കളെ നേരിട്ട് കേൾക്കാൻ പൊതുജനങ്ങൾ അർഹിക്കുന്നുണ്ട്. മാത്രമല്ല ഇത്തരത്തിലുള്ള ഒരു സംവാദം തങ്ങളുടെ കാഴ്ചപ്പാട് ശരിയായ രീതിയിൽ ജനങ്ങൾക്ക് മുമ്പിൽ അവതരിപ്പിക്കാൻ ഇരുകക്ഷികൾക്കും ഏറെ സഹായകരമാകും. ഈ ഒരു ഉദ്യമത്തെ കോൺഗ്രസ് സ്വാഗതം ചെയ്യുന്നുവെന്നും രാഹുൽ ക്ഷണത്തിന് അയച്ച ഔദ്യോഗിക മറുപടിയിൽ വ്യക്തമാക്കിയിട്ടുണ്ട്.

